ഒരു വാചകം കാണാതെ പഠിക്കുന്നതും ആ വാചകത്തിലെ അർത്ഥം സ്വജീവിതത്തിൽ പകർത്തുന്നതും തമ്മിലുള്ള വ്യത്യാസമുണ്ടല്ലോ അവിടെയാണ് വിദ്യാഭ്യാസത്തിൻറെ യഥാർത്ഥ മൂല്യം സ്ഥിതി ചെയ്യുന്നത്.

ബാലപാഠങ്ങളെല്ലാം പഠിച്ചു കഴിഞ്ഞ കൗരവരോടും പാണ്ഡവരോടും,  ”ഓരോരുത്തരും പഠിച്ചതെന്തെല്ലാ”മെന്നു ഗുരു ചോദിക്കുന്നു. കുട്ടികളോരോരുത്തരും തങ്ങൾ പഠിച്ച അക്ഷരങ്ങളും വാചകങ്ങളും തെറ്റുകൂടാതെ പറയാൻ തുടങ്ങി. എന്നാൽ യുധിഷ്ഠിരന്‍റെ ഊഴം വന്നപ്പോൾ ഗുരുവിന് കോപം വന്നു. കാരണം യുധിഷ്ഠിരൻ ഇത്രയും നാളായിട്ടും അക്ഷരമാലയും ആദ്യത്തെ വാചകവും മാത്രമേ പഠിച്ചുള്ളൂ എന്നാണ് പറഞ്ഞത്. മറ്റു കുട്ടികളാകട്ടെ അനേകം വാചകങ്ങള്‍ കാണാതെ പഠിച്ചു പറഞ്ഞു! അതിനാൽ ഗുരു അവനെ വളരെയധികം ശകാരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. എന്തു പറഞ്ഞിട്ടും അവന് കോപം വന്നില്ല എന്ന് കണ്ട് ഗുരുവിന് ഒടുവില്‍  കരുണ തോന്നുന്നു.  “എന്നാൽ പഠിച്ച ആ വാചകം പറയൂ കേൾക്കട്ടെ” എന്നു പറയും. യുധിഷ്ഠൻ താൻ പഠിച്ച വാചകം പറയുന്നു-“കോപിക്കരുത്!”  ഇതു കേട്ടതും ഗുരുവിന് ആശ്ചര്യവും സ്വന്തം കോപമോർത്ത് കുറ്റബോധവും തോന്നുന്നു. താൻ ഇത്രയൊക്കെ വഴക്കു പറഞ്ഞിട്ടും ശകാരിച്ചിട്ടും ഒരിക്കൽപോലും യുധിഷ്ഠിരനിൽ കോപം വന്നില്ല! അവൻ ആ വാചകം പഠിക്കുക മാത്രമല്ല സ്വയം ശീലമാക്കുകയും ചെയ്തിരിക്കുന്നു എന്നറിഞ്ഞപ്പോള്‍  അതും പറഞ്ഞ് ഗുരു അവനെ അഭിനന്ദിക്കുന്നു. അതു കേട്ടപ്പോൾ ഉടൻ യുധിഷ്ഠിരൻ മറുപടിയായി പറയും-“അങ്ങ് പറഞ്ഞത് മുഴുവൻ ശരിയല്ല. എനിക്ക് ഇടയ്ക്ക് ഉള്ളിൽ ചെറിയ ദേഷ്യം വന്നിരുന്നു.” ഈ വാചകം കൂടി കേട്ടപ്പോൾ ഗുരു യുധിഷ്‌ഠിരനെ അരികത്ത് ചേർത്തു നിർത്തിയിട്ട് മറ്റു കുട്ടികളോടായി പറയും-“കണ്ടോ ഇവൻ രണ്ടാമത്തെ വാചകമായ ‘സത്യം പറയണം’ എന്നതും പഠിച്ചിരിക്കുന്നു. ഇവനാണ് പഠിച്ച കുട്ടി!”

സത്യധർമ്മങ്ങളെ കുറിച്ചും സ്നേഹത്തെ കുറിച്ചും സമത്വത്തെ കുറിച്ചും അഹിംസയെക്കുറിച്ചുമെല്ലാം നമുക്ക് വലിയ പ്രബന്ധങ്ങളും സാഹിത്യസൃഷ്ടികളും പ്രസംഗങ്ങളും അവതരിപ്പിച്ച് ഡോക്ടറേറ്റും അവാർഡുകളും കൈയടികളും ബിരുദങ്ങളും നേടാൻ ആകും. എന്നാൽ മൂല്യങ്ങളെ സ്വയം ശീലമാക്കുവാൻ ആകുന്ന സ്ഥിതിയിൽ മാത്രമാണ് അത് ഒരാൾ പഠിച്ചു എന്നു പറയാനാകുന്നുള്ളൂ. അങ്ങനെ ആചരണംകൊണ്ട് പഠിപ്പിക്കുന്ന ആചാര്യന്മാരിലൂടെ പകരുന്ന വിദ്യ മൂല്യവത്തായിരിക്കുന്നു. “ഒരു പീഡ ഉറുമ്പിനും വരുത്തരുതെന്ന” ധർമ്മം ഉപദേശിക്കുമ്പോൾ ആചാര്യൻ അത് പാലിക്കുന്നുണ്ട്. അത് ഒരു കുട്ടി കാണാതെ പഠിക്കുമ്പോഴല്ല പഠിച്ചു എന്നു വരുന്നത്. വാക്കുകൊണ്ടു പോലും സ്വയം  ഒന്നിനെയും നോവിക്കാതിരിക്കുമ്പോഴാണ് ഒരാൾ അത് പഠിച്ചു എന്നു വരുന്നത്. മദ്യപാനത്തിന്‍റെയും പുകവലിയുടെയും ദോഷങ്ങൾ ഒരു ഡോക്ടർ പഠിച്ചു എന്നു പറയുവാൻ കഴിയുന്നത് ആ ദുശ്ശീലങ്ങള്‍ ഡോക്ടര്‍ സ്വയം ഉപേക്ഷിക്കുന്നിടത്തു മാത്രമാണ്. എന്ന കണക്കിന് നോക്കുകയാണെങ്കിൽ നാം എത്രവലിയ ബിരുദങ്ങൾ നേടിയവരാണെങ്കിലും ഇത്രയും കാലമായിട്ടും വളരെ കുറച്ചു മാത്രമേ പഠിച്ചിട്ടുള്ളൂ എന്ന് കാണാൻ കഴിയും.

ഒരാളുടെ  ഓര്‍മ്മശക്തികൊണ്ടല്ല സ്വഭാവശുദ്ധികൊണ്ടാണ് വിദ്യാഭ്യാസത്തിന്‍റെ മൂല്യം അളക്കേണ്ടത്!

ഓം