കോട്ടയം:മൂവാറ്റുപുഴ മാറാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു.ബസിലെ യാത്രക്കാരെ ഉടന്‍ പുറത്തെത്തിച്ചതോടെ വന്‍ ദുരന്തം ഒഴിവായി.
മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണം വിട്ട ബൈക്ക് എം.സി റോഡില്‍വച്ച് ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികന്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ഇന്ധന ടാങ്കില്‍നിന്ന് ഡീസല്‍ ചോര്‍ന്നതിനെത്തുടര്‍ന്നാണ് ബസ് കത്തിയത്.ബസിലെ സീറ്റുകള്‍ക്ക് തീ പിടിച്ചതാണ് തീ പടരാനിടയായത്.നാട്ടുകാര്‍ യാത്രക്കാരെ ബസില്‍നിന്ന് ഉടന്‍ പുറത്തിറക്കി.അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.