തിരുവന്തപുരം:അംഗീകാരം നേടിയെടുക്കാന്‍ വര്‍ക്കല എസ്ആര്‍ മെഡിക്കല്‍കോളജ് നടത്തുന്ന തട്ടിപ്പു പുറത്തുവിട്ട് വിദ്യാര്‍ത്ഥിനികള്‍.ബുധനാഴ്ച നടന്ന മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്ക്കുവേണ്ടിയാണ് കാശു പറഞ്ഞ് വ്യാജരോഗികളെ എത്തിച്ചത്.മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന കഴിഞ്ഞതോടെ രോഗം അഭിനയിക്കാനെത്തിയവര്‍ക്കു പണം നല്‍കാതെ പറ്റിക്കുകയും ചെയ്തു.വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്കിലൂടെയാണ് ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ടത്.
മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയുള്ള ദിവസം ഗ്രാമപ്രദേശങ്ങളില്‍ നിന്ന് പ്രത്യേകം വാഹനങ്ങളില്‍ ആളുകളെ എത്തിക്കുമെന്നും പരിശോധന കഴിഞ്ഞാല്‍ ഉടന്‍ തിരിച്ചുകൊണ്ടുപോകുമെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 100 മുതല്‍ 300 രൂപ വരെയാണ് ഇവര്‍ക്ക് പ്രതിഫലം നല്‍കുന്നത്. പരിശോധന കഴിഞ്ഞതോടെ ആശുപത്രിയില്‍ രോഗികള്‍ ആരുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്ക് ലൈവിലൂടെ കാണിച്ചുതരുന്നുമുണ്ട്.
കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് പരിശോധനയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. അതേസമയം മെഡിക്കല്‍ കോളജില്‍ അധ്യാപകര്‍ ഇല്ലാത്തതും, ക്ലാസുകള്‍ മുടങ്ങുന്നതും ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധികൃതര്‍ പ്രതികാര നടപടിയെടുത്തെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പരാതി നല്‍കിയ വിദ്യാര്‍ത്ഥികളുടെ അറ്റന്‍ഡന്‍സ് വെട്ടിത്തിരുത്തി.ഇതു കാരണം ജൂലൈ 23 ന് രണ്ടാം വര്‍ഷ പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.