ചെന്നൈ: മെര്‍സൽ സിനിമയെ വീണ്ടും സെന്‍സര്‍ ചെയ്യാന്‍ ശ്രമിക്കരുതെന്ന് കമല്‍ഹാസന്‍. ചിത്രത്തിനെതിരെയുള്ള ബി.ജെ.പി. പ്രചാരങ്ങളെ വിമർശിച്ചുകൊണ്ടാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വിമര്‍ശനങ്ങള്‍ക്ക് യുക്തിസഹമായി മറുപടി നല്‍കുകയാണ് വേണ്ടതെന്നും വിമര്‍ശകരുടെ വായടപ്പിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു.[toggle state=”open” ]

[/toggle]

ഡിജിറ്റല്‍ ഇന്ത്യ, ജി.എസ്.ടി എന്നിവയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാക്കള്‍ ചിത്രത്തിനെതിരെ തിരിഞ്ഞിരുന്നു. വിജയ് യുടെ നികുതിവിവരം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ തന്നെ എത്തിയിരുന്നു.
എന്നാല്‍ ചിത്രത്തിന് പൂര്‍ണ പിന്തുണയുമായാണ് കമല്‍ഹാസന്‍ എത്തിയിരിക്കുന്നത്. ഇന്ത്യ തിളങ്ങുന്നത് സംവാദങ്ങളിലൂടെയാണെന്നും വായടപ്പിക്കുന്നതിലൂടെ അല്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. നോട്ട് നിരോധനത്തെ പിന്തുണച്ചതിന് ക്ഷമാപണം നടത്തി നേരത്തെ തന്നെ കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു.
ചിത്രത്തിലെ വിമര്‍ശനങ്ങള്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തുന്നുണ്ടെങ്കിലും ജി.എസ്.ടിയുമായി ബന്ധപ്പെട്ട രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിക്കുന്നതായാണ് വിവരം.