ചെന്നൈ: വിജയ് നായകനായ മെര്‍സലിന് പിന്തുണയായി കോടതി വിധി. മെര്‍സലിലെ ബിജെപി പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കണമെന്ന വിവാദം കൊടുമ്പിരി കൊണ്ട് നില്‍ക്കുമ്പോഴാണ് ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയത്.

മെര്‍സലിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.അശ്വത്ഥമാന്‍ എന്ന അഭിഭാഷകനാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

സിനിമയെ സിനിമയായി കാണണം, അതിലുള്ളത് ജീവിതമല്ല. എത്രയോ വിഷയങ്ങള്‍ സിനിമ കൈകാര്യം ചെയ്യുന്നു. അവയെല്ലാം ജനങ്ങളെ ബാധിക്കുമെന്നു പറയാനാകില്ല. രാജ്യത്ത് എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാനും പങ്കുവയ്ക്കാനും സ്വാതന്ത്ര്യമുണ്ട്. പക്വതയുള്ള ഒരു ജനാധിപത്യത്തിന് ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തെ അടിച്ചമര്‍ത്താനാകില്ല. സിനിമയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അന്തിമവിധി പ്രേക്ഷകരുടേതാണെന്നും ജസ്റ്റിസ് എം.എം.സുന്ദരേഷും എം.സുന്ദറും അടങ്ങിയ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.

ചില സിനിമകളില്‍ പണക്കാരില്‍ നിന്നു ധനം തട്ടിയെടുത്ത് പാവപ്പെട്ടവര്‍ക്കു നല്‍കുന്ന നായകന്മാരുണ്ട്. അവര്‍ക്കെതിരെയും കേസു കൊടുക്കുമോ? എന്നും കോടതി ആരാഞ്ഞു.

രാജ്യത്തിനെതിരെയുള്ള സംഘടിതമായ ആശയപ്രചാരണമാണ് ചിത്രത്തിലുള്ളതെന്നും സംഭാഷണങ്ങളിലെ വിവരങ്ങളും തെറ്റാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചെങ്കിലും രാജ്യത്തെ സാമൂഹ്യാവസ്ഥകളില്‍ നിങ്ങള്‍ ശരിക്കും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ ‘മെര്‍സല്‍’ പോലുള്ള സിനിമയ്‌ക്കെതിരെയല്ല പരാതി നല്‍കേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്.