ന്യൂഡല്‍ഹി: മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ ഇല്ല. പകരം ആധാര്‍ മൊബൈല്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അവ്യക്തതകള്‍ നീക്കം ചെയ്യണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
തുടര്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടു പോകാമെന്നും കോടതി പറഞ്ഞു. ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കണമെന്ന ഉത്തരവിന്റെ ഭരണഘടനാ സാധുത ആരാഞ്ഞു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ആധാര്‍ മൊബൈല്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അവ്യക്തതകള്‍ നീക്കം ചെയ്യണമെന്നും ഉപയോക്താക്കളെ കൃത്യമായി എല്ലാ വിവരങ്ങളും അറിയിക്കണമെന്നും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
ഇതിനായി എസ് എം എസ്, ഇ മെയില്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറുമായും ബന്ധിപ്പിക്കേണ്ട അവസാന തിയതി എന്നാണെന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയും വേണമെന്ന കോടതി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ അനുവദിക്കാനോ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനോ കോടതി തയ്യാറായില്ല.