തിരുവനന്തപുരം:അര്‍ധ രാത്രിമുതല്‍ തുടങ്ങിയ മോട്ടോര്‍വാഹന പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതത്തെയാകെ താറുമാറാക്കി.പലയിടങ്ങളിലും വാഹനം കിട്ടാതെ മണിക്കൂറുകളോളം ആളുകള്‍ കാത്തു നില്‍ക്കുന്ന അവസ്ഥയാണ്.സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്.ഓട്ടോറിക്ഷകള്‍ ചിലയിടങ്ങളില്‍ ഓടുന്നുണ്ട്.                                               കെ.എസ്.ആര്‍.ടി.സി കൂടി സമരത്തില്‍ പങ്കെടുത്തതാണ് ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമായത്.തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നിലും ബസ്റ്റാന്റിലും നിരവധിപേരാണ് വാഹനം കാത്ത് നില്‍ക്കുന്നത്.മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കും ആര്‍സിസിയിലേക്കും മറ്റും പോകാന്‍ തമ്പാനൂരില്‍ വന്നിറങ്ങിയവരെ പോലീസ് ഇടപെട്ട് സ്വകാര്യവാഹനങ്ങളില്‍ കയറ്റിവിടുന്നുണ്ട്.
കൊച്ചിയില്‍ മെട്രോയാണ് യാത്രക്കാര്‍ക്ക് ഏക ആശ്വാസമായത്.സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നഗരത്തിന്റെ നിരത്തിലുള്ളത്.കോഴിക്കോട് നഗരത്തിലും സ്വകാര്യ വാഹനങ്ങള്‍ മാത്രമേ ഓടുന്നുള്ളു.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.ചൊവ്വാഴ്ച അര്‍ധരാത്രിവരെ പണിമുടക്ക് തുടരും.