ന്യൂഡല്‍ഹി: തന്നോട് മോശമായി പെരുമാറിയതിന് സസ്പെന്‍ഡ് ചെയ്ത തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ടി വിട്ടു. പാര്‍ടി പദവികളും പ്രഥാമികാഗംത്വവും രാജിവെച്ചിട്ടുണ്ട്. മോശമായി പെരുമാറിയവര്‍ ഗുണ്ടകളാണെന്നും പാര്‍ടിക്കുവേണ്ടി രക്തവും വിയര്‍പ്പും നല്‍കിയവരേക്കാള്‍ പരിഗണന ഇത്തരം തെമ്മാടികള്‍ക്കു കിട്ടുന്നത് വേദനയുണ്ടാക്കുന്നതാണെന്നും പ്രിയങ്കാ ചതുര്‍വേദി ട്വീറ്റ് ചെയ്തിരുന്നു.
മധുരയില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോഴാണ് പത്തോളം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മോശമായി പെരുമാറിയെന്ന് പ്രിയങ്ക ചതുര്‍വേദി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പ്രിയങ്കയുടെ പരാതിയില്‍ എഐസിസി അംഗവും ജില്ലാ പ്രസിഡന്റുമായ അശോക് സിങ് ചക് ലേശ്വര്‍,സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമേഷ് പണ്ഡിറ്റ്, ചട്ട അസംബ്ലി മണ്ഡലത്തിലെ മുന്‍ സ്ഥാനാര്‍ഥി പ്രതാപ് സിങ്, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്ള ജബ്ബാര്‍, നേതാക്കളായ ഗിരിധാരി ലാല്‍ പതക്, സേവാദള്‍ മുന്‍ ജില്ലാ പ്രസിഡന്റ് ഭൂരി സിങ് ജയാസ്,എന്‍എസ് യുഐ മധുര ജില്ലാ പ്രസിഡന്റ് പ്രവീണ്‍ താക്കൂര്‍,യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിതേന്ദ്ര മുക്ദം എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ ശുപാര്‍ശയില്‍ സംസ്ഥാന കോണ്‍ഗ്രസ് അച്ചടക്കസമിതി ഇവരെ തിരിച്ചെടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടിവിട്ടത്.