സന: മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലേഹ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഹൂത്തി വിമതരുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കൊല്ലപ്പെട്ട അലി അബ്ദുള്ള സാലേഹിന്റെ മൃതദേഹം ഹൂത്തി ടെലിവിഷന്‍ ടെലികാസ്റ്റ് ചെയ്ത് കാണിക്കുന്നുണ്ട്. സലേഹിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി യമന്‍ പൗരന്മാരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
സലേഹ് കൊല്ലപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. അലി അബ്ദുള്ള സാലേഹ് കൊല്ലപ്പെട്ടതായ വാര്‍ത്ത തെറ്റാണെന്ന് സാലേഹിന്റെ പാര്‍ട്ടി അധികൃതര്‍ പറഞ്ഞതായി റോയിറ്റേഴ്സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അലി അബ്ദുള്ള സാലേഹ് പാര്‍ട്ടിയെ നയിക്കുന്നുണ്ടെന്നും ധീരമായി പോരാടുന്നതായും സാലേഹിന്റെ പാര്‍ട്ടി അധികൃതര്‍ പറഞ്ഞു. അതേസമയം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നശേഷം ഇതുവരെ സാലേഹ് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.