കൊച്ചി:യാക്കാബോയ സഭാദ്ധ്യക്ഷന്‍ ബസേലിയസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ഭരണച്ചുമതല ഒഴിഞ്ഞു.മെത്രാപ്പോലീത്തന്‍ ട്രസ്റ്റി പദവി രാജി വെച്ചെങ്കിലും കാതോലിക്ക പദവിയില്‍ തുടരും.സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് തോമസ് പ്രഥമന്‍ ബാവ രാജിവച്ചത്.മൂന്ന് പേരടങ്ങിയ സമിതിക്ക് മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയുടെ ചുമതല നല്‍കി.
ഇന്നലെയാണ് തോമസ് പ്രഥമന്‍ ബാവ ദമാസ്‌കസിലുള്ള പാത്രിയാര്‍ക്കീസ് ബാവയ്ക്ക് കത്തയച്ചത്.പുതിയ ഭരണസമിതി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ട്രസ്റ്റി സ്ഥാനത്തു നിന്നും തന്നെ മാറ്റണമെന്നും തോമസ് പ്രഥമന്‍ ബാവ പാത്രിയാര്‍ക്കിസ് ബാവയ്ക്കയച്ച കത്തില്‍ പറഞ്ഞിരുന്നു.
യാക്കോബായ സഭയിലെ പുതിയ ഭരണസമിതിയും സഭാധ്യക്ഷനും തമ്മില്‍ നല്ല ബന്ധത്തിലല്ല.സഭാ ഭരണത്തില്‍ സാമ്പത്തിക ക്രമക്കേട് പുതിയ ഭരണസമിതി ആരോപിക്കുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സമിതികള്‍ക്ക് സഭയില്‍ പ്രവര്‍ത്തന സ്വാതന്ത്യമില്ലെന്നും സഭാ സമിതികളില്‍ ചര്‍ച്ച ചെയ്യേണ്ട അജണ്ട നിശ്ചയിക്കുന്നത് ബാഹ്യശക്തികളാണെന്നും ഭാരവാഹികള്‍ പറയുന്നു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അംഗീകരിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ തനിക്കെതിരെ സത്യവിരുദ്ധമായ ആരോപണമാണ് സഭാ ഭാരവാഹികള്‍ ഉന്നയിക്കുന്നതെന്നാണ് തോമസ് പ്രഥമന്‍ ബാവയുടെ വിശദീകരണം. ഈ മാസം 24ന് പാത്രീയാര്‍ക്കിസ് ബാവ കേരളം സന്ദര്‍ശിക്കാനിരിക്കെ അതുവരെ കാത്തോലിക്കാബാവ പദവിയില്‍ തുടരാനാണ് നിര്‍ദേശം.