തിരുവനന്തപുരം:മകളുടെ വിവാഹത്തലേന്ന് ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു.കരമന സ്റ്റേഷനിലെ എസ്‌ഐ നീണ്ടകര പുത്തന്‍തുറ ചമ്പോളില്‍ തെക്കതില്‍ പി.വിഷ്ണുപ്രസാദ് (55) ആണ് ഇളയ മകള്‍ ആര്‍ച്ചയുടെ വിവാഹത്തലേന്നു പാട്ടു പാടിക്കൊണ്ടിരിക്കെ സ്‌റ്റേജില്‍ കുഴഞ്ഞുവീണത്.ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
എന്നാല്‍ അച്ഛന്റെ മരണം മകളെ അറിയിക്കാതെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചു.വരന്റെ ബന്ധുക്കളില്‍ ചിലരെയും അടുത്ത ബന്ധുക്കളെയും മാത്രം വിവരമറിയിച്ചു.തുടര്‍ന്ന് പരിമണം ദുര്‍ഗാദേവി ക്ഷേത്രം വക ഓഡിറ്റോറിയത്തില്‍ കടയ്ക്കല്‍ സ്വദേശി വിഷ്ണുപ്രസാദ് ആര്‍ച്ചയുടെ കഴുത്തില്‍ താലികെട്ടി.
ഇന്ന് നാലു മണിക്കാണ് വിഷ്ണുപ്രസാദിന്റെ സംസ്‌കാരം.മരണ വിവരം സംസ്‌കാരത്തിനു തൊട്ടുമുന്‍പ് മാത്രം ആര്‍ച്ചയെ അറിയിച്ചാല്‍ മതിയെന്നാണു ബന്ധുക്കളുടെ തീരുമാനം.വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണു വിഷ്ണുപ്രസാദിന്റെ മരണം. ജെ.സുഷമയാണു ഭാര്യ.അനുപ്രസാദ്, ആര്യ പ്രസാദ് ആര്‍ച്ച എന്നിവരാണു മരുമകന്‍:വി.ഷാബു.
അമരം എന്ന ചിത്രത്തിലെ ‘രാക്കിളിപ്പൊന്‍മകളേ’ എന്ന ശോകഗാനം പാടിക്കൊണ്ടിരിക്കെ വിഷ്ണുപ്രസാദ് കുഴഞ്ഞു വീഴുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.