സോള്‍: യുഎസ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനു ഉത്തര കൊറിയ തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയും യു എസും ഒരുമിച്ച് നാവികാഭ്യാസ പ്രകടനം നടത്തുന്നതിനോടുള്ള പ്രതിഷേധമായാണു മിസൈല്‍ പരീക്ഷിക്കാന്‍ കിം ജോങ് ഉന്‍ ഒരുങ്ങുന്നതെന്നാണു റിപ്പോര്‍ട്ട്.

ദക്ഷിണ കൊറിയ- യു എസ് സംയുക്ത സൈനികാഭ്യാസത്തിനെതിരെ ഉത്തര കൊറിയ നേരത്തെ രൂക്ഷമായാണു പ്രതികരിച്ചത്. അടുത്ത ആഴ്ചത്തെ സൈനികാഭ്യാസത്തില്‍ വിമാനവേധ കപ്പലുകള്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞദിവസം യു എസ് നേവി അറിയിച്ചിരുന്നു. ഇതാണ് വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തര കൊറിയയെ പ്രേരിപ്പിച്ചത്. യുഎസിന്റെ പശ്ചിമതീരം ലക്ഷ്യമിട്ടു ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തര കൊറിയ ഒരുങ്ങുന്നതായി പോങ്ങ്യാങ് സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്നതാണ് റിപ്പോര്‍ട്ട്.

കൊറിയയിലെ പ്രമുഖ മാധ്യമം ഈസ്റ്റ് ഏഷ്യ ഡെയ്ലി(ദ് ഡോങ് എ ഇല്‍ബോ) ആണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് വരെ എത്തുന്ന മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചേക്കുമെന്നാണ് യുഎസ്- ദക്ഷിണ കൊറിയ സൈനിക ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

വിലക്കുകള്‍ ലംഘിച്ച് ഉത്തരകൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നതിനു മുന്നറിയിപ്പെന്നോണം രണ്ട് യു എസ് വിമാനങ്ങള്‍ മേഖലയില്‍ നിരീക്ഷണം നടത്തിയിരുന്നു. ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമസേനയോടൊപ്പം ഇവ അഭ്യാസങ്ങളും നടത്തി. ഇതിനുള്ള മറുപടി കൂടിയാണ് മിസൈല്‍ പരീക്ഷണത്തിലൂടെ ഉത്തര കൊറിയ നല്‍കുക എന്നാണ് നയതന്ത്ര വിദഗ്ധര്‍ പറയുന്നത്.