പത്തനംതിട്ട: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇടത് സര്‍ക്കാര്‍ റദ്ദാക്കിയ എല്ലാ പട്ടയങ്ങളും പുന:സ്ഥാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് മുന്നണി സര്‍ക്കാര്‍ വിചാരിച്ചാല്‍ പട്ടയമില്ലാത്ത ഒരാളെ പോലും ഇറക്കിവിടാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പത്തനംതിട്ടയില്‍ പറഞ്ഞു.

പത്തനംതിട്ട കോന്നി മലയോര കര്‍ഷകരുടെ പട്ടയം റദ്ദ് ചെയ്ത സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമിയായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഏറ്റെടുത്തത് 14 ഏക്കര്‍ മാത്രമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ നടപടി സംശയാസ്പദമാണ്. മിച്ചഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ച ഉത്തരവ് നല്‍കിയത് 27 ദിവസം വൈകിയാണെന്നും ചെന്നിത്തല പറഞ്ഞു.