വാളും പരിചയുമേന്തി ശത്രുവിനെതിരെ ചാടിവീഴുന്ന രണ്ടു യോദ്ധാക്കള്‍,ഒപ്പം ഉയരത്തില്‍ ചാടി വെട്ടുന്ന ഒരു കുട്ടിയും. ഇവര്‍ക്ക് പിന്നാലെ യുദ്ധസന്നാഹങ്ങളുമായി ഓടിയടുക്കുന്നവര്‍…മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ,അതിലേറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമായ മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ത്രസിപ്പിക്കുന്ന രംഗങ്ങളുള്ളത്.മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമാണ് യോദ്ധാക്കള്‍.മമ്മൂട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.ചിത്രീകരണവും പ്രീ പ്രൊഡക്ഷന്‍ ജോലികളും അവസാനഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
12 വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കമാണ് സിനിമയുടെ പ്രമേയം.കുടിപ്പകയുടെ ചരിത്രം രേഖപ്പെടുത്തിയ പോരാട്ടം. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. പെറ്റമ്മയേക്കാള്‍ ജന്മനാടിന്റെ മാനത്തിന് വിലകല്‍പ്പിച്ച ധീരന്മാരായ ചാവേറുകളുടെ ചോര കൊണ്ടെഴുതിയ ചരിത്രമാണ് മാമാങ്കം.എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സജീവ് പിള്ളയുടേതാണ്.എം ജയചന്ദ്രനാണ് സംഗീതമൊരുക്കുന്നത്. 50 കോടിയോളം ബജറ്റില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മാണം.
കളരിയടക്കമുള്ള ആയോധന കലകളാണ് മാമാങ്കത്തിന്റെ സവിശേഷത.ബാഹുബലി 2,അരുന്ധതി,ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്കിയ വിഎഫ് എക്സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. തായ്ലാന്ഡില് നിന്നുമുള്ള ജെയ്ക്ക് സ്റ്റണ്ട്സാണ് ആക്ഷനൊരുക്കുന്നത്.
ബോളിവുഡ് നടി പ്രാചി തെഹ്ലനാണ് ചിത്രത്തിലെ നായിക.പ്രാചിയ്ക്കൊപ്പം അഞ്ച് നായികമാരും ചിത്രത്തിലുണ്ട്. അരവിന്ദ് സ്വാമി,കനിഹ,അനു സിത്താര,അഭിരാമി അയ്യര്‍,സുദേവ് നായര്‍,നീരജ് മാധവ്,മാളവിക മേനോന്, സുനില്‍ സുഗദ,തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും.മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളില്‍ 2019 ല്‍ തന്നെ മാമാങ്കം റിലീസ് ചെയ്യുമെന്നും ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സൂചിപ്പിച്ചിട്ടുണ്ട്.