ശബരിമല:എന്തു വന്നാലും അയ്യപ്പനെ ദര്‍ശിക്കുമെന്ന ഉറച്ച നിലപാടുമായി മല കയറിയ ബിന്ദുവും കനക ദുര്‍ഗയും പമ്പയില്‍ തിരിച്ചെത്തി.ശരണപാതയില്‍ വച്ച് കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞു വീണു.തുടര്‍ന്ന് പൊലീസ് യുവതികളുമായി തിരിച്ചിറങ്ങാന്‍ ശ്രമിച്ചെങ്കിലും ബിന്ദു തിരിച്ചിറങ്ങാന്‍ തയ്യാറായില്ല.തങ്ങളെ ബലം പ്രയോഗിച്ച് തിരിച്ചിറക്കിയതാണെന്നും ദേഹാസ്വസ്ഥ്യമുണ്ടായെന്നത് പോലീസ് വെറുതെ പറഞ്ഞതാണെന്നും ബിന്ദു മാധ്യമപ്രവര്‍ത്തകരോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.ശബരിമല സ്‌പെഷ്യല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് യുവതികളുമായി പമ്പയിലേക്ക് തിരിച്ചിറങ്ങിയത്.കനകദുര്‍ഗയെ പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരിച്ച് അയ്യപ്പ ദര്‍ശനത്തിന് കൊണ്ടു പോകുമെങ്കില്‍ മാത്രമേ തിരിച്ചിറങ്ങുവെന്ന് ബിന്ദു പറഞ്ഞു.പൊലീസ് ഇത് അംഗീകരിച്ചതായും ഇവര്‍ പറയുന്നു.ക്രമസമാധാന പ്രശ്‌നമുള്ളതു കൊണ്ട് യുവതികളുമായി തിരിച്ചിറങ്ങുന്നുവെന്നാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്.അതിനിടെ പ്രതിഷേധക്കാര്‍ക്കെതിരെ ബലപ്രയോഗം വേണ്ടെന്ന് സര്‍ക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു.
അതിനിടെ ചന്ദ്രാനന്ദന്‍ റോഡിലുണ്ടായ സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസിന് നേരെയും കല്ലേറുണ്ടായി.ഇതിനെ പ്രതിരോധിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ മനോരമ,ന്യൂസ് 18 തുടങ്ങിയ ചാനലുകളുടെ ക്യാമറകള്‍ തകര്‍ന്നു.ന്യൂസ് 18 ക്യമറാമാന്റെ കൈയൊടിയുകയും ചെയ്തു.
രാവിലെ പൊലീസിനെ അറിയിക്കാതെയായിരുന്നു യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയത്.എന്നാല്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു.എന്നാല്‍ പ്രതിഷേധത്തിനു ശക്തി കൂടിയപ്പോഴാണ് ഇവരെ തിരിച്ചിറക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്.