ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച മധ്യനിര ബാറ്റ്‌സ്മാനായ യുവരാജ് സിങ്ങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ് തുടര്‍ന്നും കളിക്കും.
ഇന്ത്യന്‍ ടീമിന്റെ ചരിത്ര നേട്ടങ്ങളില്‍ വലിയ പങ്ക് വഹിച്ച യുവരാജ് 304 ഏകദിന മത്സരങ്ങളില്‍ നിന്നും 8071 റണ്‍സ് നേടിയിട്ടുണ്ട്.2012ല്‍ ക്യാന്‍സറിനെ അതിജീവിച്ച് യുവരാജ് വീണ്ടും കളിക്കളത്തിലെത്തിയത് ലോകത്തിന് തന്നെ പ്രചോദനമായി. യുവരാജ് സിങ്ങ് തന്നെയാണ് വിരമിക്കല്‍ പ്രഖ്യാപനം പത്രസമ്മേളനത്തില്‍ അറിയിച്ചത്.
2000-ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 2017 വരെ ഇന്ത്യക്കായി കളിച്ചു.2007 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ആറ് പന്തുകളില്‍ ആറ് സിക്‌സറുകള്‍ പറത്തി ക്രിക്കറ്റ് ലോകത്തെ യുവരാജ് വിസ്മയിപ്പിച്ചു. 2011 ലോകകപ്പില്‍ ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങി ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്തു. 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവരാജായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരം.