അരൂർ :മൂന്നര മാസം മുൻപ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തൊൻപതു സീറ്റിലും ജയിക്കാൻ യു ഡി എഫിനായി,മിക്കയിടത്തും ഒരു ലക്ഷത്തിനു മേൽ ഭൂരിപക്ഷമുണ്ടായിരുന്നു .യു ഡി എഫിന് അനുകൂലമായി ഒരു തരംഗം തന്നെ ഉണ്ടായിരിന്നു .ആ തരംഗത്തിന് പോലും ജയിപ്പിക്കാൻ കഴിയാത്ത സ്ഥാനാർത്ഥിയാണ് ഷാനിമോൾ ഉസ്മാൻ .ആലപ്പുഴ ലോക്‌സഭാ സീറ്റിനുള്ളിൽ ഉൾപ്പെടുന്ന അരൂർ നിയോജകമണ്ഡലത്തിൽ വീണ്ടും കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നതു ഷാനിമോളെത്തന്നെയാണ് .തൊട്ടുമുൻപ് തോറ്റ തിരഞ്ഞെടുപ്പിൽ അരൂർ നിയോജകമണ്ഡലത്തിൽ ലഭിച്ച ലീഡായ അറുപതു വോട്ടാണ് അവരെ തന്നെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത് .
ഒട്ടും ജയസാധ്യതയില്ലാത്ത ഷാനിമോളെ ഇപ്പൊ ജയിപ്പിച്ച അടങ്ങൂ എന്ന വാശിയിലാണ് സി പി എം നേതാവും മന്ത്രിയുമായ ജി സുധാകരൻ.”പൂതനമാർ ജയിക്കേണ്ട സ്ഥലമല്ല അരൂർ” എന്നാണു ജി സുധാകരൻ പ്രസംഗിച്ചത് .സുധാകരന്റെ പരാമർശം വിവിധ കോണുകളിൽ നിന്നുള്ള ശക്തമായ പ്രതിഷേധങ്ങൾക്കു കാരണമായി.തുടർന്ന് മന്ത്രി നടത്തിയ വിശദീകരണത്തിൽ ദൃശ്യ മാധ്യമങ്ങളോടുള്ള നീരസവും ദേഷ്യവുമാണ് മുന്നിട്ടു നിന്നത് .”കുടുംബയോഗങ്ങളിൽ നിന്നല്ല ചാനലുകൾ വാർത്തയെടുക്കേണ്ടത്” എന്നായിരുന്നു മന്ത്രിയുടെ ആക്രോശം. അപ്പൊ മന്ത്രി ഉദ്ദേശിക്കുന്നത് കുടുംബയോഗങ്ങളിൽ എന്ത് തരവഴിയും പറയാം എന്നാണോ ?അത് ചാനലുകൾ കാണിച്ചതാണ് കടുത്ത അപരാധം എന്ന മട്ടിലാണ് മന്ത്രിയുടെ വർത്തമാനം .വിഷയം വിവാദമായപ്പോൾ ഷാനിമോൾ സഹോദരിയെപ്പോലെയാണ് എന്നൊക്കെപ്പറഞ്ഞു തടിതപ്പാൻ സുധാകരൻ ശ്രമിച്ചെങ്കിലും വലുതായി ഏറ്റമട്ടില്ല.
സുധാകരന് ഇടക്കാലത്തു ഇത്തിരി വെളിവ് വന്നതായിരുന്നു വീണ്ടും ധിക്കാരവും വിവരക്കേടും സുധാകരനിലൂടെ തലപൊക്കുമ്പോൾ വെട്ടിലാവുന്നത് സി പി എമ്മും അവരുടെ സ്ഥാനാർത്ഥിയുമാണ്.ഒരു തിരഞ്ഞെടുപ്പ് വന്നു മുൻപിൽ നിൽക്കുമ്പോൾ മാർക്സിസ്റ്റ് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവിൽ നിന്നും ഇത്തരത്തിലുള്ള ഒരു മോശം പരാമർശത്തെ ആയുധമാക്കി തിരഞ്ഞെടുപ്പ് ജയിക്കാം എന്നാണു യു ഡി എഫ് പ്രതീക്ഷ .