തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതം അനുഭവിക്കുന്ന തിരദേശവാസികള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് സംഘം കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് നിവേദനം നല്‍കി. എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വച്ചാണ് യു.ഡി.എഫ് സംഘം പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
നിരവധി മത്സ്യത്തൊഴിലാളികളെ ഇപ്പോഴും കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം. ചുഴിക്കാറ്റിന് ശേഷം ദുരിതം അനുഭവിക്കുന്ന തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം സാമ്പത്തിക സഹായം നല്‍കുക എന്നീ ആവശ്യങ്ങളും യു.ഡി.എഫ് സംഘം പ്രതിരോധമന്ത്രിക്ക് മുന്നില്‍വച്ചു.
എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, കെ.മുരളീധരന്‍ എം.എല്‍.എ, ഷിബുബേബി ജോണ്‍, എം.വിന്‍സന്റ് എം.എല്‍.എ, കെ.എസ്.ശബരീനാഥ് എം.എല്‍.എ, പി.സുരേന്ദ്രന്‍ പിള്ള, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ബീമാപള്ളി റഷീദ് തുടങ്ങിവര്‍ യു.ഡി.എഫ് സംഘത്തില്‍ ഉണ്ടായിരുന്നു.

ഫോട്ടോക്യാപ്ഷന്‍: ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ച കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനുമായി ചര്‍ച്ച നടത്തുന്ന യു.ഡി.എഫ് സംഘം.