തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിക്കു കുത്തേറ്റ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചു വിട്ടു. എസ്എഫ്‌ഐക്കെതിരെ വലിയ പ്രതിഷേധം വിവിധ കോണുകളില്‍നിന്നും ഉയരുന്ന് സാചര്യത്തിലാണ് കോളജിലെ യൂണിറ്റ് പിരിച്ചുവിടുന്നത്. കോളേജില്‍ നിരന്തരമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ വിദ്യാര്‍ത്ഥികളുടെ പൊതു സ്വീകാര്യത ഉറപ്പാക്കി പ്രവര്‍ത്തിക്കാനോ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന കണ്ടെത്തലോടെയാണ് പിരിച്ച് വിട്ടത്.എസ്എഫ്‌ഐ സംസ്ഥാന നേതാക്കള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനം.
അതേസമയം സംഘര്‍ഷത്തെത്തുടര്‍ന്ന് കുത്തേറ്റു ചികില്‍സയില്‍ കഴിയുന്ന അഖില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ മൊഴി നല്‍കി. തന്നെ കുത്തിയത് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് തന്നെയെന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് അഖില്‍ പറഞ്ഞത്. പിടിച്ചുവച്ചത് നസീമാണെന്നും പിന്നാലെത്തിയ ശിവരഞ്ജിത് കുത്തുകയായിരുന്നെന്നുമാണ് അഖില്‍ പറഞ്ഞത്. അഖിലിന്റെ മൊഴി വിശദമായി രേഖപ്പെടുത്താന്‍ അനുമതി വേണമെന്ന് പൊലീസ് ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മൊഴിയെടുക്കാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളാണ് അഖിലിനെ ആക്രമിച്ചതെന്ന് സുഹൃത്തുക്കളും പൊലീസിന് മൊഴി നല്‍കിയിരുന്നു.
കുത്തേറ്റ ശേഷം കുഴഞ്ഞു വീണ അഖിലിനെ പിടിച്ചെഴുന്നേല്‍പ്പിക്കാനോ സഹായിക്കാനോ ശ്രമിക്കാതെ എസ്എഫ്‌ഐ നേതാക്കള്‍ എല്ലാം കണ്ടു നില്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് താങ്ങിയെടുത്താണ് അഖിലിനെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.