തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി.വിദ്യര്‍ത്ഥിക്കു കുത്തേറ്റതും പ്രതികളുടെ വീട്ടില്‍ നിന്നും യൂണിയന്‍ ഓഫീസില്‍ നിന്നും സര്‍വകലാശാലാ പരീക്ഷപ്പേപ്പര്‍ കണ്ടെത്തിയതുമുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയത്. വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
എസ്എഫ്‌ഐ യൂണിയന്റെ ശക്തികേന്ദ്രമായ യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ പ്രശ്‌നങ്ങള്‍ സംഘടനയെ കൊണ്ടെത്തിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയിലാണ്. വിദ്യാര്‍ത്ഥിയെ കുത്തിയതിനെതിരെ പ്രതിഷേധം രൂക്ഷമായതോടെ കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചു വിട്ടു. കുത്തുകേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ഇതിനെല്ലാമുപരി കേസിലെ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും യൂണിയന്‍ ഓഫീസില്‍നിന്നും സര്‍വകലാശാലാ പരീക്ഷയുടെ ഉത്തരക്കടലാസുകളും അധ്യാപകന്റേയും മറ്റും വ്യാജ സീലുകള്‍ ലഭിച്ചത് പ്രശന്ങ്ങള്‍ വേറൊരു തലത്തിലെത്തിച്ചിരിക്കുകയാണ്.വന്‍ പരീക്ഷാക്രമക്കേടിലേക്കു വിരല്‍ ചൂണ്ടുന്ന ഇത്തരം സംഭവങ്ങളിലും ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.