തിരുവനന്തപുരം:തിരുവനന്തരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്കു കുത്തേറ്റതിനെത്തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.എന്താണ് സംഘര്‍ഷത്തിന് വഴിവച്ചതെന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി ഡോ.കെ.ടി ജലീല്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്കി.
അതേസമയം കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഖിലിന് അടിയന്തിര ശസ്ത്രക്രിയ നടത്തുകയാണ്. ആന്തരീക രക്തസ്രാവമുള്ളതുകൊണ്ടാണ് ശസ്ത്രക്രിയ നടത്തേണ്ടിവരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് അഖിലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഘര്‍ഷത്തില്‍ യൂണിയന് പ്രസിഡന്റ് അടക്കം എട്ട് എസ്എഫ്ഐ നതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.307 വകുപ്പ് പ്രകാരമാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. നസീം, അദ്വൈത്,അമല്‍, ആരോമല്‍, ഇബ്രാഹിം, ശിവരഞ്ജിത് എന്നിവരുള്‍പ്പെടെയുള്ള എട്ട് പേര്‍ക്കെതിരെയാണ് കേസ്.
ക്യാംപസിലിരുന്ന് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പാട്ടു പാടിയതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. അറബിക് വകുപ്പിലെ ഉമൈര്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കം വന്ന് മര്‍ദ്ദിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് അഖിലിനെ മര്‍ദ്ദിച്ചത്. ക്യാംപസിലെ ഒരു വശത്ത് നിന്ന് ഗേറ്റിന്റെ മുന്‍വശം വരെ വളഞ്ഞിട്ട് നടന്ന് തല്ലി. കോളേജിലെ യൂണിറ്റ് കമ്മിറ്റി ഓഫീസായ ‘ഇടിമുറി’യിലേക്ക് കൊണ്ടുപോയി. അവിടെയിട്ടും തല്ലി. തുടര്‍ന്ന് കത്തി കൊണ്ട് അഖിലിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നെന്ന് പ്രിന്‍സിപ്പാളിന് നല്കിയ പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു.