കാസര്‍കോട്:പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.പ്രത്യേക അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യുകയാണ്.രണ്ട് മോട്ടോര്‍ സൈക്കിളുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.ജില്ലാ പോലീസ് മേധാവി എ.ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം കൊലപാതകത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പോലീസിന്റെ പ്രാഥമികന്വേഷണ റിപ്പോര്‍ട്ട്. നേരത്തെ സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ് കൊലപാതകമെന്നാണ് സൂചന.ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ ശരത്‌ലാല്‍ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു.ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.തന്നെ വധിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലുടെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ കൃപേഷ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അരുണേഷ്, നിതിന്‍, നിതിന്‍ എന്നിവര്‍ക്ക് ക്രിമിനല്‍ നടപടി പ്രകാരം നോട്ടീസ് നല്‍കിയിരുന്നു.പോലീസ് ഈ കേസില്‍ മൂന്നു പേര്‍ക്കുമെതിരെ 2018 ഡിസംബര്‍ 25 ന്ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നതായും പോലീസ് പറയുന്നു.
മാരകമായ മുറിവുകള്‍ യുവാക്കളുടെ ശരീരത്തിലുണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.കൃപേഷിന് വെട്ടേറ്റ് തലച്ചോറ് പിളര്‍ന്നു.മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകള്‍ ഉണ്ട്.ഇതില്‍ ഇടത് നെറ്റി മുതല്‍ 23 സെന്റിമീറ്റര്‍ നീളത്തിലുള്ള മുറിവും വലത് ചെവി മുതല്‍ കഴുത്ത് വരെ നീളുന്ന വെട്ടും മരണകാരണമായി.മുട്ടിന് താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റിട്ടുണ്ട്.