ജമ്മുകശ്മീരിനെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി സഞ്ജു സാംസൺ സെഞ്ച്വറി നേടി . 160 പന്തില്‍ നിന്ന് 13 ഫോറും ഒരു സിക്‌സും സഹിതം 102 റണ്‍സുമായി സഞ്ജു ബാറ്റിംഗ് തുടരുകയാണ്. സഞ്ജുവിന്റെ മികവില്‍ ചായക്ക് പിരിയുമ്പോള്‍ കേരളം ആറ് വിക്കറ്റിന് 204 റണ്‍സ് എടുത്തിട്ടുണ്ട്.
ഒരു ഭാഗത്ത് വിക്കറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി കൊഴിയുമ്പോഴാണ് സഞ്ജു സെഞ്ച്വറിയുമായി കേരളത്തെ മുന്നില്‍ നിന്നും നയിച്ചത്. നാലാമനായി ഇറങ്ങിയാണ് സഞജു സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ സീസണില്‍ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഇതിനോടകം താരം രണ്ട് അര്‍ധസെഞ്ച്വറിയും കണ്ടെത്തി കഴിഞ്ഞു.

സഞ്ജുവിനെ കൂടാതെ ജലജ് സക്‌സേന 22ഉം സച്ചിന്‍ ബേബി 19ഉം അരുണ്‍ കാര്‍ത്തിക് 35ഉം റണ്‍സെത്തു. രണ്ടാം ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന സിജുമോന്‍ ജോസഫാണ് സഞ്ജുവിന് കൂട്ടായി ക്രീസില്‍.
ജമ്മുകശ്മീരിനായി പര്‍വേശ് റസൂലും ആമിര്‍ അസീസും മുദ്ദസിറും രണ്ട് വിക്കര്‌റ് വീതം വീഴ്ത്തി.
രഞ്ജിയില്‍ ഈ സീസണില്‍ കേരളം മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. നേരത്തെ കളിച്ച മൂന്ന മത്സരങ്ങളില്‍ രണ്ടിലും കേരളം ജയിച്ചിരുന്നു. ജാര്‍ഖണ്ഡിനേയും രാജസ്ഥാനേയും ആണ് കേരളം തോല്‍പിച്ചത്. ഗുജറാത്തിനോട് കേരളം പരാജയപ്പെട്ടു.