തിരുവനന്തപുരം: സിവില്‍ സപ്ലൈസിനെ അറിയിക്കാതെ രണ്ടുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങല്‍ മുടക്കം വരുത്തുന്നവരുടെറേഷന്‍വിഹിതം തടയാനും അര്‍ഹതപ്പെട്ടവര്‍ക്ക് വീതിച്ചുനല്‍കാനും ഭക്ഷ്യവകുപ്പ് ആലോചിക്കുന്നു. എന്നാല്‍ ഇവരുടെ കാര്‍ഡ് റദ്ദാക്കില്ല.

ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഉടനിറങ്ങും. റേഷന്‍വിഹിതം നിശ്ചിതകാലയളവിലേക്ക് ആവശ്യമില്ലാത്തവര്‍ അക്കാര്യം രേഖാമൂലം അറിയിച്ചാല്‍ ആ കാലയളവുവരെ റേഷന്‍ തടഞ്ഞുവെയ്ക്കുകയും തുടര്‍ന്ന് അവര്‍ക്ക് പുനഃസ്ഥാപിച്ചുനല്‍കുകയും ചെയ്യും.

കേന്ദ്രവിഹിതം കുറയാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ഈ തീരുമാനം. അതത് മാസം ലഭിക്കുന്ന റേഷന്‍ മൊത്തത്തില്‍ ചെലവായാല്‍ മാത്രമേ സംസ്ഥാനത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം കേന്ദ്രത്തോട് ആവശ്യപ്പെടാനാകൂ. മുന്‍ഗണനപ്പട്ടികയില്‍പ്പെട്ടവര്‍ റേഷന്‍ധാന്യം വാങ്ങാതിരുന്നാല്‍ ഭാവിയില്‍ സംസ്ഥാനത്തിനു ലഭിക്കുന്ന കേന്ദ്രവിഹിതത്തില്‍ കുറവ് വന്നേക്കും

ദാരിദ്ര രേഖക്ക് ഏറ്റവും താഴെത്തട്ടിലുള്ള മഞ്ഞ കാര്‍ഡില്‍ ഉള്‍പ്പെട്ട 64,000 കുടുംബങ്ങള്‍ക്ക് കാര്‍ഡൊന്നിന് 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും സൗജന്യമായാണ് നല്‍കുന്നത്. ഇത് വാങ്ങാത്തവരുടെ വിഹിതം മുന്‍ഗണനാ വിഭാഗത്തില്‍ ഒന്നാമത് നില്‍ക്കുന്ന പിങ്ക് കാര്‍ഡുടമയ്ക്ക് നല്‍കും. പിങ്ക് കാര്‍ഡ് കാര്‍ഡിലെ ആളൊന്നിന് നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും നല്‍കും. ഈ വിഭാഗത്തില്‍പ്പെട്ടവരെ ഒഴിവാക്കിയാല്‍ തൊട്ടടുത്ത് പട്ടികയില്‍ മുന്നിലുള്ള മുന്‍ഗണനേതര സബ്‌സിഡിക്കാരായ നീല വിഭാഗത്തിന് നല്‍കും. ഈ വിഭാഗത്തില്‍ വാങ്ങാത്തവരുടെ റേഷന്‍ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കും.

അതില്‍ വാങ്ങാത്തവരുടെ റേഷന്‍ സ്‌കൂള്‍, ആസ്പത്രി, ജയില്‍ എന്നിവര്‍ക്ക് നല്‍കും. മാസം 1.18 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളില്‍ 1.55 കോടി പേര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായാണ് നല്‍കുന്നത്.