തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ രണ്ടുവര്‍ഷം തികയ്ക്കും മുമ്പേ ഈ മന്ത്രിസഭയിലെ മൂന്നാമത്തെ രാജിയാണ് തോമസ് ചാണ്ടിയുടേത്. ഇതില്‍ രണ്ടു മന്ത്രിമാരും എന്‍.സി.പിയുടേതാണ്. ബന്ധു നിയമനം ഇ.പി ജയരാജനും ലൈംഗിക വിവാദം എ.കെ ശശീന്ദ്രനും വില്ലനായപ്പോള്‍ ഭൂമി കൈയ്യേറ്റമാണ് തോമസ് ചാണ്ടിയെ കുടുക്കിയത്.
ആരോപണങ്ങള്‍ വലിയ വിവാദമായതോടെ ഇ.പി ജയരാജനും ശശീന്ദ്രനും വേഗത്തില്‍ രാജിവെച്ച് മുന്നണിയുടെ പ്രതിച്ഛായയെ മങ്ങലേല്‍പ്പിക്കാതെ കാത്തിരുന്നു. എന്നാല്‍ തോമസ് ചാണ്ടി കസേരയില്‍ നിന്നിറങ്ങാതെ നിന്നത് മുന്നണിയില്‍ പൊട്ടിത്തെറിയോളമെത്തി. കൂടാതെ ഹൈക്കോടതി വിമര്‍ശനവും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് വിള്ളല്‍ വീഴ്ത്തി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ കൂടി വിട്ടുനിന്നതോടെ മുന്നണിയിലും അസ്വാരസ്യങ്ങളുണ്ടായി. ഇതോടെയാണ് ചാണ്ടി രാജിക്ക് വഴങ്ങിയത്.
2016 മെയ് 25നാണ് പിണറായി വിജയന്റെ നേത്യത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിന്റെ അധികാരത്തിലേറിയത്. ഇതിനിടെ പെട്ടെന്നാണ് മന്ത്രിസഭയിലെ കരുത്തനായിരുന്ന ഇപി ജയരാജന്റെ പേരില്‍ അധികാര ദുര്‍വിനിയോഗ വാര്‍ത്ത പുറത്തുവരുന്നത്. വിവാദം അവസാനിപ്പിക്കാന്‍ വ്യവസായ മന്ത്രിയായിരുന്ന ജയരാജന് ഒക്ടോബര്‍ 14ന് രാജിവെക്കേണ്ടി വന്നു. മലയാളത്തിലെ ഒരു ദൃശ്യമാധ്യമം പുറത്തുകൊണ്ടുവന്ന വാര്‍ത്ത ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെ കുടുക്കി. ലൈംഗിക ആരോപണമായതിനാല്‍ 2016 മാര്‍ച്ച് 26ന് ശശീന്ദ്രനും രാജിവെച്ചു.