നീണ്ട 14 വർഷത്തെ പാക് ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പെൺകുട്ടിയ്ക്ക് ഇനിയും ഉറ്റവരെ കണ്ടെത്താനായില്ല. ബധിരയും മൂകയുമായ ഗീതയെന്ന കൗമാരക്കാരിയുടെ ഉറ്റവരെ തിരഞ്ഞ് ഒടുക്കം രംഗത്തെത്തിയിരിക്കുന്നത് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ്.
ഗീതയുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും അവർ അറിയിച്ചു. പതിനാറ് വർഷം മുൻപ് എങ്ങിനെയോ ആണ് പെൺകുട്ടി പാക്കിസ്ഥാനിലേക്ക് എത്തിപ്പെട്ടത്.
പിന്നീട് സൽമാൻ ഖാൻ നായകനായി ഭജ്റംഗി ഭായ്ജാൻ എന്ന സിനിമ ഹിറ്റായതോടെ ഗീതയുടെ കഥയും ചർച്ച ചെയ്യപ്പെട്ടു. സിനിമ റിലീസായ ശേഷമാണ് ഗീതയ്ക്ക് ഇന്ത്യയിലേക്ക് എത്താൻ സാധിച്ചത്. എന്നാൽ തിരികെയെത്തിയ ഗീതയെ തേടി ഉറ്റവരാരും എത്താതിരുന്നതിനെ തുടർന്നാണ് പ്രതിസന്ധി നേരിട്ടത്.
