കോഴിക്കോട്:ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജി വച്ചു. ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് രാജിയെന്ന് രമ്യാ ഹരിദാസ് പറഞ്ഞു.ഇന്ന് വൈകുന്നേരം തന്നെ ആലത്തൂരിലേക്ക് പോകുമെന്നും ഇനി പ്രവര്‍ത്തനം ആലത്തൂരിലാണെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.
അതേ സമയം തെരഞ്ഞെടുപ്പ് ഫലം വരുംമുന്‍പേ രമ്യയെ രാജിവപ്പിച്ചത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കമാണെന്ന് വിലയിരുത്തപ്പെടുന്നു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 19 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് ഒമ്പതും അംഗങ്ങളാണുളളത്.രമ്യ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടിവരും. അപ്പോള്‍ കക്ഷി നില ഒമ്പതു വീതമാകുകയും പ്രസിഡന്റ് സ്ഥാനത്തിനു നറുക്കെടുപ്പ് വേണ്ടിവരികയും ചെയ്യും.ഇപ്പോള്‍ രാജിവെച്ചാല്‍ ലോക്സഭ ഫലപ്രഖ്യാപനത്തിന് മുമ്പേ ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. രമ്യയ്ക്ക് അതുവരെ അംഗത്വം നിലനിര്‍ത്തുകയും വോട്ടു ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ജയം ഉറപ്പിക്കാമെന്നുമാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതുകൊണ്ടു തന്നെ രമ്യയുടെ വിജയം യുഡിഎഫ് ഉറപ്പിച്ചു കഴിഞ്ഞു.