ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തില്‍ രഹസ്യബാലറ്റെന്ന പതിവില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഭേദഗതികളില്‍ വോട്ടെടുപ്പ് എങ്ങനെ വേണമെന്നതിനെ കുറിച്ച് പാര്‍ട്ടിയുടെ ഭരണഘടനയില്‍ പറയുന്നില്ല. ഭേദഗതികളില്‍ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന യെച്ചൂരി പക്ഷത്തിന്റെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു പ്രകാശ് കാരാട്ട്.

ഭേദഗതികളില്‍ ഇതിന് മുന്‍പും വോട്ടെടുപ്പ് നടന്നിട്ടുണ്ട്. അതെല്ലാം കൈപൊക്കിയുളള വോട്ടെടുപ്പ് മാത്രമായിരുന്നുവെന്നും കാരാട്ട് പറഞ്ഞു.

പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അതില്‍ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വേര്‍തിരിവില്ലെന്നും കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.ബദല്‍ രേഖ തളളിയാലും സീതാറാം യെച്ചൂരിക്ക് ജനറല്‍ സ്ഥാനത്ത് തുടരാമെന്നും കാരാട്ട് വ്യക്തമാക്കി.

ആറു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പൊതുചര്‍ച്ചയില്‍ രഹസ്യബാലറ്റ് ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ പൊളിറ്റ് ബ്യൂറോയിലും തര്‍ക്കമുള്ളതായാണ് സൂചന. രഹസ്യബാലറ്റ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് ബംഗാള്‍ ഘടകത്തില്‍ അഭിപ്രായമുള്ളതായും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ബദല്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ് രംഗത്തുവന്നിരുന്നു. യെച്ചൂരിയുടേത് ബദല്‍ നിലപാടല്ല, അവസര വാദമാണെന്ന് രാഗേഷ് ആരോപിച്ചു. കേന്ദ്രകമ്മിറ്റി തീരുമാനം യെച്ചൂരി അംഗീകരിക്കേണ്ടതായിരുന്നു. അവിടെ ഭിന്നത ഉണ്ടായപ്പോള്‍ വോട്ടെടുപ്പിലൂടെ പരിഹരിച്ചതായിരുന്നു.

വിഷയം വീണ്ടും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് വലിച്ചിഴയ്ക്കരുതായിരുന്നു. കോണ്‍ഗ്രസ് വിഷയത്തില്‍ ഭിന്നത പരസ്യമാക്കേണ്ടിയിരുന്നില്ല. നിരാശയില്‍ നിന്നാണ് ബദല്‍ നിലപാട് ഉണ്ടായത്. യെച്ചൂരിയുടേത് അടവുനയമല്ല അവസരവാദമാണ്. രാജ്യസഭാ സീറ്റില്‍ പിന്തുണ വാഗ്ദാനം ചെയ്തതിന് പാര്‍ട്ടിയെ ആകെ അടിയറ വെക്കരുത്. കോണ്‍ഗ്രസിനായി പിന്‍വാതില്‍ തുറന്നിട്ടാണ് യെച്ചൂരിയുടെ പ്രവൃത്തിയെന്നും രാഗേഷ് ചര്‍ച്ചയില്‍ ആരോപിച്ചു.