ദില്ലി:അലോക് വര്‍മ്മയ്ക്കു പിന്നാലെ രാകേഷ് അസ്താനയും സിബിഐയില്‍ നിന്നും പുറത്തേക്ക്.സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താനയടക്കം മൂന്ന് സിബിഐ ഉദ്യോഗസ്ഥരുടെ നിയമന കാലാവധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു.രാകേഷ് അസ്താനക്കു പുറമേ എംകെ സിന്‍ഹ, ജയന്ത് എന്നിവരുടെ കാലാവധിയാണ് വെട്ടികുറച്ചത്. ക്യാബിനറ്റ് സെലക്ഷന്‍ സമിതിയുടേയാണ് തീരുമാനം. അസ്താനയെ ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ സെക്യൂരിറ്റിയിലേക്കാണ് മാറ്റിയത്.
മുന്‍ സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് രാകേഷ് അസ്താനയെ സ്‌പെഷ്യല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. അലോക് വര്‍മ്മയുടെ രാജിയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിട്ട സാഹചര്യത്തിലാണ് അഴിമതിയാരോപണത്തില്‍ ഉള്‍പ്പെട്ട അസ്താനയെയും മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചത്. പുതിയ സി ബി ഐ ഡയറക്ടര്‍ ഫെബ്രുവരി ഒന്നിന് ചുമതലയേല്‍ക്കും.