കൊച്ചി:താരസംഘടനയായ എ.എം.എം.എയില്‍ നിന്ന് രാജിവച്ച താനുള്‍പ്പെടെയുള്ള നടിമാര്‍ക്കെതിരെ നടക്കുന്നത് പ്രതികാര നടപടികളെന്ന് രമ്യാനമ്പീശന്‍.സംഘടനയില്‍ നിന്നും പുറത്തുവന്നപ്പോള്‍ അരക്ഷിതാവസ്ഥയുണ്ടെന്നും നടി.കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമ്യ.                                                                                            നടിയെ അക്രമിച്ച കേസിലെ പ്രതി ദിലീപിനെ താര സംഘടനയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജി വെച്ചവര്‍ക്കെതിരെ പ്രതികാര നടപടികളാണ് നടക്കുന്നത്.അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമം നടക്കുന്നു.അവള്‍ പ്രശ്‌നക്കാരിയാണ് അവളെ ഈ സിനിമയിലേക്കെടുക്കേണ്ട എന്ന രീതിയിലുള്ള നീക്കങ്ങളൊക്കെ വന്നുകൊണ്ടിരിക്കുകയാണ്.രാജി വച്ച നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.
തങ്ങള്‍ പറയുന്നതെല്ലാം പുരുഷന്‍മാര്‍ക്കെതിരെയാണെന്നു കരുതരുത്.ഡബ്‌ള്യു.സി.സി പുരുഷന്മാര്‍ക്ക് എതിരെയുള്ള സംഘടനയല്ലെന്നും രമ്യ പറഞ്ഞു.ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഭാവന,രമ്യാനമ്പീശന്‍,റിമ കല്ലിങ്കല്‍,ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്.