തിരുവനന്തപുരം:രാജു നാരായണസ്വാമിക്കെതിരായ നടപടി ശുപാര്‍ശ ചെയ്ത ഫയല്‍ മുഖ്യമന്ത്രി തിരിച്ചയച്ചു.ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി മടക്കിയത്.രാജുനാരായണ സ്വാമിയെ പിരിച്ചുവിടണമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ.എന്നാല്‍ ശുപാര്‍ശയില്‍ അവ്യക്തതയുണ്ടെന്നു പറഞ്ഞാണ് മുഖ്യമന്ത്രി ഫയല്‍ തിരിച്ചയച്ചത്.
നാലുകാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ടാണ് ഫയല്‍ തിരിച്ചയച്ചത്.കാലാവധി തീരുന്നതിനു മുന്‍പ് ഡെപ്യൂട്ടേഷന് അവസാനിപ്പിച്ചു വന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വാമിക്കെതിരേ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോയെന്നും അത് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണം. നടപടിക്കെതിരെ രാജു നാരായണ സ്വാമി കോടതിയെ സമീപിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കണം.ഡെപ്യൂട്ടേഷനു ശേഷം തിരിച്ചെത്താന്‍ സംസ്ഥാന സര്‍ക്കാരിന് സ്വാമി അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിലെ പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കാന്‍ സ്വാമി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്നും വ്യക്തമാക്കണം. ഇക്കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണോ പിരിച്ചുവിടാന്‍ സമിതി ശുപാര്‍ശ നല്‍കിയതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇക്കാര്യങ്ങളില്‍ വ്യക്തയുണ്ടാവും വരെ രാജു നാരായണസ്വാമിക്കെതിരെ നടപടിയുണ്ടാവില്ല.അഴിമതിക്കെതിരായി പോരാടിയതിനുള്ള പ്രതികാരമാണ് സര്‍ക്കാര്‍ തന്നോട് കാണിക്കുന്നതെന്ന് ഇന്നലെ രാജു നാരായണസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.