തിരുവനന്തപുരം: രാജ്യത്തിന്റെ ഒന്നാമത്തെ ശത്രു വര്‍ഗീയതയാണെന്നും രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാന്‍ യോജിക്കാവുന്ന ആരുമായും കോണ്‍ഗ്രസ് സഹകരിക്കുമെന്ന് എ.ഐ.സി.സി പ്രവര്‍ത്തക സമതി അംഗം എ.കെ.ആന്റണി പറഞ്ഞു.കെ.പി.സി.സി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആവശ്യമെങ്കില്‍ ഇതിന് വേണ്ടി നിലപാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയത ആളിക്കത്തിയാല്‍ സമുദായ സൗഹാര്‍ദ്ദം തകരും. വളര്‍ന്ന് വരുന്ന മതതീവ്രവാദവും ആപത്താണ്. ഇതിനെല്ലാം എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന ഇപ്പോഴത്തെ സാമ്പത്തിക നയം പൊളിച്ചെഴുതും.രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. നോട്ട് നിരോധനം കൊണ്ട് എന്തുനേടിയെന്ന് പ്രധാനമന്ത്രിക്ക് പറയാന്‍ കഴിയുന്നില്ല. നിരോധിച്ച നോട്ടുകള്‍ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്. കൃഷിക്കാരെയും തൊഴിലാളികളെയും വഴിയാധാരമാക്കിയ മോദി ജനകീയ കോടതിയില്‍ മറുപടി പറയേണ്ടിവരും. കോണ്‍ഗ്രസ് മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് അദ്ദേഹം അനുസ്മരിച്ചു. പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ നിരവധി പ്രതിസന്ധികളെ ധൈര്യപൂര്‍വം നേരിട്ടാണ് ഇന്ദിരാഗാന്ധി രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഏകീകരണം സാദ്ധ്യമാക്കിയ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെയും രാഷ്ട്രശില്പി നെഹ്‌റുവിനെയും രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഇന്ദിരാഗാന്ധിയെയും ഇപ്പോഴത്തെ ഭരണകൂടം തമസ്‌കരിക്കുകയാണ്. ഗാന്ധിജിയുടെ സ്ഥാനം ദീന്‍ദയാല്‍ ഉപാദ്ധ്യായയ്ക്ക് നല്‍കാനാണ് ശ്രമം. രാജ്യത്തിന്റെ ചരിത്രം തിരുത്തി എഴുതാനുള്ള നീക്കങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
