തിരുവനന്തപുരം:23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തുടക്കമായി.മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന വീടുകളും റോഡും പാലങ്ങളും പുനര്‍നിര്‍മിക്കുന്നതുപോലെ പ്രധാനമാണ് തകര്‍ന്നുപോയ മനസുകളുടെ പുനര്‍നിര്‍മാണവുമെന്ന് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പ്രളയാനന്തര കേരളം കലാരംഗത്ത് തകര്‍ന്നുപോയിട്ടില്ലെന്ന് ലോകത്തിനു കാട്ടികൊടുക്കാന്‍ ചലച്ചിത്രമേള സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ആ ആപത്ത് തടയാന്‍ സാര്‍വദേശീയമായ മാനുഷികമൂല്യമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിച്ച് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
19-ാം നൂറ്റാണ്ടിലെ ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ ദുരാചാരങ്ങള്‍, സ്ത്രീവിരുദ്ധ സമീപനങ്ങള്‍, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവയൊക്കെ തിരിച്ചുകൊണ്ടുവന്ന് സമൂഹത്തെ മലീമസമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുന്ന കാലമാണിത്. അത്തരം കാര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ചലച്ചിത്ര കലാകാരന്‍ എന്ത് നിലപാടെടുക്കുന്നുവെന്നത് സമൂഹം സൂക്ഷ്മമായി നോക്കിക്കാണുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ.പ്രശാന്ത്,കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍,നടിയും സംവിധായികയുമായ നന്ദിതാ ദാസ്,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍,സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.
ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം രാവിലെ തുടങ്ങിയിരുന്നു.ഇന്ന് ആകെ 34 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.ഇറാന്‍ സംവിധായകനായ അസ്ഗര്‍ ഫര്‍ഹാദിയാണ് സ്പാനിഷ് സൈക്കോ ത്രില്ലര്‍ എവെരിബഡി നോസ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.ഡിസംബര്‍ 13 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.