ന്യൂഡല്‍ഹി:രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.അയോധ്യയില്‍ ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന 2.77 ഏക്കര്‍ ഭൂമി ഒഴികെയുള്ള സ്ഥലം രാമക്ഷേത്രം നിര്‍മ്മിക്കാന്‍ രാമജന്മഭൂമി ന്യാസിന് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം.അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് സംഘ് പരിവാര്‍ സംഘടനകള്‍ നാളുകളായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.
അയോധ്യ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലര വര്‍ഷമായി ഒരു ഹര്‍ജിയും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നില്ല. ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഉത്തരവ് വരുന്നതുവരെ തീരുമാനമെടുക്കില്ല എന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. ഹിന്ദു സംഘടനകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം മൂലമാണ് കേന്ദ്രം ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുതിയ ഹര്‍ജി സുപ്രീംകോടതി എപ്പോള്‍ പരിഗണിക്കുമെന്നറിയില്ല.അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ചിന്റെ പരിഗണനയിലാണുള്ളത്.