ചെന്നെ:സാമൂഹിക വിഷയങ്ങളില്‍ എപ്പോഴും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുകയും ചെയ്യുന്ന നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്കും ചുവടുറപ്പിക്കുന്നു.2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് പ്രകാശ് രാജ് ട്വിറ്ററിലൂടെ അറിയിച്ചു.അദ്ദേഹം എവിടെ നിന്നാണ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുകയെന്നും മറ്റുമുള്ള വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും വ്യക്തമാക്കി.എന്നാല്‍ കര്‍ണ്ണാടകത്തില്‍നിന്നും മല്‍സരിക്കുമെന്നും സൂചനകളുണ്ട്.
‘ഒരു പുതിയ തുടക്കം…കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍’, എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.നടന്‍ കമലഹാസന്റെ മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.തമിഴിലും മലയാളത്തിലുമുള്‍പ്പെടെ വിവിധ ഭാഷകളില്‍ തന്റെ അഭിനയ പ്രതിഭ തെളിയിച്ച നടനാണ് പ്രകാശ് രാജ്.കൂടുതലും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടന്‍.അടുത്തിടെ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ഒടിയനിലെ വില്ലന്‍ വേഷവും അദ്ദേഹം അവിസ്മരണീയമാക്കി.