ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ പുതിയ പാര്‍ട്ടിയുമായി തമിഴ് രാഷ്ട്രീയത്തിലേക്ക് കമല്‍ഹാസന്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലത്തേക്ക് അന്ത്യം. രാഷ്ട്രീയ പ്രവേശനം ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെന്ന് വ്യക്തമാക്കിയ നടന്‍ കമല്‍ഹാസന്‍, തന്റെ 63-ാം പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി സംവദിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച് പ്രശ്‌നങ്ങള്‍ പഠിക്കാനാണ് മൊബൈല്‍ ആപ്ലിക്കേഷനെന്ന് ചടങ്ങില്‍ കമല്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ ശരിയായ രാഷ്ട്രീയ ചിന്താഗതിയുണ്ടാക്കുകയാണ് ലക്ഷ്യം. അഴിമതി നടക്കുമ്പോള്‍ ജനങ്ങള്‍ക്ക് സംസാരിക്കാനുളള വേദിയായി ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ മാറ്റും. അഴിമതിക്കെതിരെ പോരാടുന്നവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ വഴി വിവരങ്ങള്‍ അറിയിക്കാം എന്നും ഉലകനായകന്‍ പറഞ്ഞു.

‘മയ്യം വിസില്‍’ എന്ന മൊബൈല്‍ ആപ്പ് വരുന്ന ജനുവരിയോടെ പുറത്തിറങ്ങും. 63-ാം ജന്മദിനമായ നവംബര്‍ ഏഴിന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ താഴെത്തട്ടിലിറങ്ങി ഇനിയും ചിലകാര്യങ്ങള്‍ കൂടി മനസ്സിലാക്കണം. അതിനായി ചര്‍ച്ചകളും വിലയിരുത്തലുകളും നടത്തുകയാണ്.
തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്തു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പദ്ധതിയുണ്ട്. അതേസമയം പാര്‍ട്ടി പ്രഖ്യാപാനം അധികം വൈകാതെ ഉണ്ടാകും എന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.