കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ സംസാരവിഷയമാണ്. നടനെന്നതിലുപരി കമല്‍ ഹാസന് പുലര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. തന്റെ തുടങ്ങാത്ത രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന നല്കിയ ആളുകള്‍ക്ക് അദ്ദേഹം അത് മടക്കി അയച്ചു നല്‍കിയാണ് വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്. തുടങ്ങാത്ത പാര്‍ട്ടിക്ക് സംഭാവന സ്വീകരിക്കുന്നതിലെ മര്യാദ ഇല്ലായ്മ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പണം തിരികെ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് തിരികെ അയച്ചത്. ആരാധകര്‍ക്ക് പണം തിരികെ നല്‍കുകയാണെന്ന വിവരം അദ്ദേഹം പ്രസിദ്ധപ്പെടുത്തിയത് അദ്ദേഹം സ്ഥിരം എഴുതാറുള്ള തമിഴ് മാസികയായ ആനന്ദവികടനില്‍ എഴുതിയ കോളത്തിലാണ്.
ആദ്യം പാര്‍ട്ടി രൂപീകരിക്കണം അതിന് പേര് നല്‍കണം ഇതിനര്‍ത്ഥം ഞാന്‍ പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് പിന്നോട്ട് പോകുന്നുവെന്നല്ല. ഞാന്‍ പണം സ്വീകരിക്കില്ലായെന്നുമില്ല. പാര്‍ട്ടി രൂപീകരണത്തിനായി ആരാധകരില്‍നിന്നും 30 കോടി രൂപ കമല്ഹാസന് ലഭിച്ചതായി സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ ഫാന്‍സ് അസോസിയേഷനുകള്‍ പണം സമാഹരിച്ചത് പാര്‍ട്ടി രൂപീകരണത്തിനല്ല, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് എന്ന് കമല്‍ വ്യക്തമാക്കി.
നേരത്തെ കമല്ഹാസന് ഹിന്ദുക്കളിലും തീവ്രവാദികളുണ്ടെന്ന ലേഖനം എഴുതി വിവാദത്തിലായതും ഇതേ കോളത്തിലാണ്. പിന്നീട് അദ്ദേഹം നിലപാട് മയപ്പെടുത്തുകയും ഹിന്ദുക്കള്‍ ഭൂരിപക്ഷമാണ് അവര്‍ മറ്റുള്ളവരെക്കൂടി ഉള്‍ക്കൊള്ളുകയാണ് ചെയ്യേണ്ടതെന്നുമാക്കി. മറ്റുള്ളവര്‍ തെറ്റ് ചെയാല്‍ തിരുത്താനുള്ള ഉത്തരവാദിത്തം ഹിന്ദുക്കള്ക്കുണ്ടെന്നും അദ്ദേഹം എഴുതി.