തിരുവനന്തപുരം:ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയേയും രാഹുല്‍ ഈശ്വറിനെയും താരതമ്യം ചെയ്ത വിടി ബലറാമിനോട് കെപിസിസി വിശദീകരണം തേടി.ഇരുവരെയും താരതമ്യം ചെയ്തത് ശരിയായില്ലെന്നും അത് നാണംകെട്ട പരാമര്‍ശമായിരുന്നെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.പാര്‍ട്ടിക്ക് അപ്പുറത്ത് ആരുമില്ല.രാഹുല്‍ ഈശ്വറിനെ പോലൊരു ചെറുപ്പക്കാരനോട് രാഹുല്‍ ഗാന്ധിയെ പോലൊരു ദേശീയ നേതാവിനെ ഏങ്ങനെ താരതമ്യം ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.
ശബരിമല വിഷയത്തില്‍ പ്രതികരിച്ചുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിലാണ് സുപ്രീം കോടതി വിധിയെ പിന്‍തുണച്ച് ബല്‍റാം കോണ്‍ഗ്രസിന്റെ നിലപാടുകളെ തള്ളിയത്. ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോണ്‍ഗ്രസിനില്ലെന്നും പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്‌സ് നിര്‍ത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും ബല്‍റാം പറഞ്ഞിരുന്നു.
‘ഓര്‍ക്കുക; രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവ്’എന്ന് പറഞ്ഞാണ് ബല്‍റാം ഫേസ്ബുക്‌പോസ്റ്റ് അവസാനിപ്പിക്കുന്നത്.