ദില്ലി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വധശ്രമം നടന്നെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ ലേസര്‍ തോക്ക് ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിക്കഴിഞ്ഞു.
പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ലേസര്‍ തോക്കിന്റേതെന്നു കരുതുന്ന പച്ച ലേസര്‍ രശ്മികള്‍ രാഹുലിന്റെ ദേഹത്തു പതിച്ചെന്നും ഏഴു തവണയാണ് ലേസര്‍ രശ്മികള്‍ രാഹുല്‍ ഗാന്ധിയുടെ തലയില്‍ പതിച്ചതെന്നും ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ആരോപണം അതീവ സുരക്ഷാവീഴ്ചയിലേക്കും വിരല്‍ചൂണ്ടുകയാണ്.രാഹുലിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചസംഭവിച്ചോയെന്നും സുരക്ഷ ശക്തമാക്കാന്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.