കോഴിക്കോട്:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാത്രി കേരളത്തിലെത്തും.രാത്രി എട്ട് മണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസം.രാത്രി ഉന്നത കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്യും.
നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം വയനാട്ടിലേക്ക് പോവും.തുടര്‍ന്ന് പത്രിക സമര്‍പ്പിക്കും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം പത്രിക സമര്‍പ്പിക്കാന്‍ എത്തും.പത്രിക സമര്‍പ്പണത്തിനുശേഷം രാഹുലും പ്രിയങ്കയും റോഡ് ഷോ നടത്തും.
രാഹുല്‍ ഗാന്ധിയുടെ വരവിനു മുന്നോടിയായി വയനാട്ടില്‍ അതീവ സുരക്ഷയാണൊരുക്കിയിരിക്കുന്നത്.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ സി വേണുഗോപാല്‍ എന്നിവര്‍ ഇന്നലെ കോഴിക്കോടെത്തി സുരക്ഷാകാര്യങ്ങളും മറ്റും വിലയിരുത്തി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തി. വയനാട്, കോഴിക്കോട്,മലപ്പുറം ഡിസിസി അധ്യക്ഷന്മാരുമായി രാവിലെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.