വയനാട്:രാഹുല്‍ ഗാന്ധി വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പതിനൊന്നരയോടെ കളക്ട്രേറ്റിലെത്തിയ രാഹുല്‍ ഗാന്ധി ക്കൊപ്പം പ്രിയങ്ക ഗാന്ധി,കെസി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്,കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്, മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് എന്നിവരാണ് കളക്ട്രേറ്റില്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.നാല് സെറ്റ് പത്രികകളാണ് രാഹുല്‍ ഗാന്ധി നല്‍കിയത്.
കര്‍ശന സുരക്ഷയാണ് കളക്ടറേറ്റിലും പരിസരത്തും ഒരുക്കിയിരുന്നത്. പത്രിക സമര്‍പ്പിച്ചശേഷം കളക്ടറേറ്റില്‍ നിന്നിറങ്ങിയ രാഹുലും പ്രിയങ്കയും തുറന്ന വാഹനത്തില്‍ റോഡ്‌ഷോയിലൂടെ പ്രവര്‍ത്തകരേയും നാട്ടുകരേയും അഭിസംബോധന ചെയ്തുകൊണ്ട് നീങ്ങുകയാണ്.ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രന്‍,പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്നുണ്ട്.
വയനാടിന്റെ ചരിത്രത്തിലിന്നേവരെ കണ്ടിട്ടില്ലാത്തത്ര ജനക്കൂട്ടമാണ് രാഹുലിനെ കാണാന്‍ എത്തിയിരിക്കുന്നത്.ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെടുകയാണ്.മുസ്‌ളീംലീഗിന് വലിയ സ്വാധീനമുള്ള വയനാട്ടില്‍ ലീഗിന്റെ പച്ചക്കൊടികളുമായി പ്രവര്‍ത്തകരുടെ ഒഴുക്കുതന്നെയാണ് റോഡ് ഷോയില്‍ കാണാനാകുന്നത്.