മുംബൈ: രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും ബിജെപിയെ തള്ളിയും ശിവസേനയുടെ രാജ്യസഭാ എംപി സഞ്ജയ് റാവത്ത് വീണ്ടും രംഗത്ത്. ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ വിള്ളല്‍ കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ബിജെപിയാണ് തങ്ങളുടെ മുഖ്യഎതിരാളിയെന്ന് ശിവസേനയുടെ രാജ്യസഭാ എംപി സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാരാഷ്ട്ര ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിലാണ് ശിവസേന നേതാവിന്റെ വിവാദ പ്രസ്താവന. ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വേണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ അധികാരത്തില്‍ നിലനില്‍ക്കുന്നതെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങളാണ് അദ്ദേഹത്തിലുണ്ടായതെന്നും സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

ജനങ്ങള്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധി പറയുന്നത് കേള്‍ക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയെന്നും ചൂണ്ടിക്കാട്ടി. 2019ല്‍ നടക്കുന്ന സംസ്ഥാന നിയമസഭാലോക്‌സഭാ തിരഞ്ഞെടുപ്പുകളിലേക്ക് ബിജെപിയെ ഒപ്പം നിര്‍ത്തിയോ ഒറ്റയ്‌ക്കോ തിരഞ്ഞെടുപ്പ് നേരിടാന്‍ ശിവസേന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.