ന്യൂഡല്‍ഹി: രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കു നേരെയുള്ള കേന്ദ്രസര്‍ക്കാറിന്‍രെ വിമുഖതയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. അഭയാര്‍ത്ഥികള്‍ക്ക് നേരെ മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്നും സഹായം തേടിയെത്തിയ നാല്‍പ്പതിനായിരത്തിലധികം രോഹിന്‍ഗ്യകളെയാണ് സര്‍ക്കാര്‍ പുറത്താക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ബംഗ്ലദേശില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് സംരക്ഷണമൊരുക്കിയത് സംസാരത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. എഴുപതുകളില്‍ ഒരു കോടിയിലധികം അഭയാര്‍ഥികളാണ് ബംഗ്ലദേശില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി യുഎസ് സേനയെ പോലും എതിര്‍ത്ത് അവരെ സംരക്ഷിച്ച്, സഹായം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇന്ന് ഇന്ത്യയുടെ ബഹുസ്വരതയും ആവിഷ്‌കാര സ്വാതന്ത്ര്യവും ആക്രമിക്കപ്പെടുന്ന അവസ്ഥയാണ്്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍, സിനിമ കാണാന്‍, പുസ്തകമെഴുതാന്‍ ഒന്നിനുമുള്ള സ്വാതന്ത്ര്യം ഇന്നില്ലെന്നും ഇന്നത്തെ സാഹചര്യത്തില്‍ ഒരാള്‍ക്കും പേടികൂടാതെ സ്വന്തം ആശയം പ്രചരിപ്പിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും എ. കെ. ആന്റണി പറഞ്ഞു.