ദില്ലി:റഫാല്‍ പുനഃ പരിശോധന ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി.കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ തള്ളിയ സുപ്രീം കോടതി പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കി.റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുനപരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.
പ്രശാന്ത് ഭൂക്ഷണ്‍ സമര്‍പ്പിച്ച പുതിയ രേഖകള്‍ സ്വീകരിക്കാന്‍ കോടതി അനുമതി നല്‍കി.പുതിയ രേഖകള്‍ സ്വീകരിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.
റഫാല്‍ ഇടപാടില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ല എന്ന സുപ്രീം കോടതി വിധിക്കെതിരെ യശ്വന്ത് സിന്‍ഹ,അരുണ്‍ ഷൂരി,പ്രശാന്ത് ഭൂഷണ്‍,മനോഹര്‍ ലാല്‍ ശര്‍മ്മ,സഞ്ജയ് സിങ് എന്നിവരാണ് പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയത്.