തിരുവനന്തപുരം: റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കടുത്ത വിമര്‍ശനം. ഓഖി ചുഴലിക്കാറ്റ് വിഷയത്തില്‍ റവന്യു വകുപ്പിന്റെയും മന്ത്രിയുടെയും ഇടപെടല്‍ കാര്യക്ഷമമായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ യോഗത്തില്‍ മന്ത്രിക്കെതിരേ വിമര്‍ശനമുയര്‍ന്നത്.
ദുരന്തസമയത്ത് വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല, വകുപ്പുകള്‍ തമ്മില്‍ ഏകോപമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു, ദുരന്തമുണ്ടായ ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതില്‍ മന്ത്രിക്ക് വീഴ്ച പറ്റി തുടങ്ങിയവയാണ് മന്ത്രിക്കെതിരേ യോഗത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍.
ചുഴലിക്കാറ്റ് ദുരന്തം വിതച്ച പ്രദേശത്ത് മന്ത്രി വൈകിയാണ് എത്തിയതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിക്കൊപ്പം ദുരന്തമുണ്ടായി നാലാം ദിവസമാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വിഴിഞ്ഞത്ത് എത്തിയത്. മുഖ്യമന്ത്രിക്കെതിരേ വിഴിഞ്ഞത്ത് വന്‍പ്രതിഷേധമുണ്ടാകുകയും അത് വിവാദമാകുകയും ചെയ്തിരുന്നു.