തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള 3595 ഏക്കര്‍ കേരള എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തിന്മേലുള്ള തര്‍ക്കത്തില്‍ നിയമസെക്രട്ടറിയുടെ ഉപദേശം റവന്യൂവകുപ്പ് തള്ളി. നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥും റവന്യൂ വകുപ്പും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. കേരള എസ്‌റ്റേറ്റിന്റെ കരമടയ്ക്കുന്നത് തടഞ്ഞ വില്ലേജ് ഓഫീസറുടെ നടപടിക്കെതിരെ എസ്‌റ്റേറ്റ് ഉടമ എം.സി ജോര്‍ജ് നല്‍കിയ കേസിലാണ് നിയമ സെക്രട്ടറിയുടെ ഉപദേശം തള്ളാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്. എസ്‌റ്റേറ്റ് സര്‍ക്കാരിന്റെതാണെന്ന വാദവുമായി മുന്നോട്ട് പോകാനാണ് റവന്യൂ വകുപ്പ് അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതിന് വിരുദ്ധമായിരുന്നു നിയമസെക്രട്ടറിയുടെ ഉപദേശം. കൈയേറ്റം ഒഴിപ്പിക്കാനുള്ള നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ടും നിയമ സെക്രട്ടറിയുടെ ഉപദേശം റവന്യൂ മന്ത്രി നേരത്തെ തള്ളിയിരുന്നു. ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച പല നിയമ നിര്‍മ്മാണങ്ങളും നിയമവകുപ്പ് പിടിച്ചുവച്ചിരിക്കുകയാണെന്ന ആക്ഷേപവും റവന്യൂ വകുപ്പിനുണ്ട്.
ഭൂമി തിരിച്ചെടുക്കല്‍ സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസുകളില്‍ ശക്തമായി ഇടപെടാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദ്ദേശം നല്‍കി. പുനലൂര്‍ ആര്യങ്കാവിലെ 525 ഏക്കര്‍ കൈയേറ്റ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്നാണ് മറ്റ് 17 കേസുകളിലും നിലപാട് കടുപ്പിക്കാന്‍ വകുപ്പ് അഭിഭാഷകരോട് നിര്‍ദ്ദേശിച്ചത്.
കേരള എസ്‌റ്റേറ്റിനെ സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശ വാദം മൂന്നുമാസത്തിനുള്ളില്‍ ഹൈക്കോടതിയെ അറിയിക്കണമെന്നും ഇല്ലെങ്കില്‍ അവകാശം ഇപ്പോള്‍ കൈവശം വച്ചവര്‍ക്കുണ്ടാകുമെന്നുമാണ് മാര്‍ച്ച് 28 ന് ഹൈക്കോടതി വിധിച്ചത്. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ കൃത്യമായ മറുപടി കൊടുത്ത് കോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിക്കുന്നതിന് പകരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നുമാസത്തേയ്ക്ക് കൂടി ഹൈക്കോടതിയോട് സാവകാശം ചോദിക്കുകയാണ് റവന്യൂ വകുപ്പിലെ ഉന്നതന്‍ ചെയ്തത്. കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസ് തങ്ങളുടെ കൃത്യമായ വാദങ്ങള്‍ രേഖാമൂലം നല്‍കിയെങ്കിലും തോട്ടം കൈയേറിയവര്‍ക്കനുകൂലമായ കളമൊരുക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആക്ഷേപമുണ്ട്.
