കൊച്ചി: കേബിൾ സ്ഥാപിക്കുന്നതിന് റോഡുകൾ വെട്ടിപ്പൊളിക്കാൻ റിലയൻസിന് സർക്കാർ ആനുകൂല്യം. പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച നിരക്ക് ഇൗടാക്കി റിലൻസിന് റോഡ് പൊളിക്കാൻ സൗകര്യം ചെയ്തുനൽകണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകി. റോഡുകളുടെ തകർച്ചക്കും തദ്ദേശ സ്ഥാപനങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിനും വഴിവെക്കുന്നതാണ് നടപടി.
കൊച്ചി നഗരത്തിൽ പാചകവാതകം വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിക്കാൻ ഇന്ത്യൻ ഒായിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നിരക്കിളവ് നൽകി സർക്കാർ നേരേത്ത ഉത്തരവായിരുന്നു. വിവിധ പദ്ധതികൾക്കായി നിലവാരം കൂടിയ റോഡ് പൊളിക്കുന്നതിന് വാട്ടർ അതോറിറ്റി, വൈദ്യുതി ബോർഡ് എന്നിവയിൽനിന്ന് ചതുരശ്രമീറ്ററിന് 5930 രൂപയാണ് കോർപറേഷനുകൾ ഇൗടാക്കുന്നത്. എന്നാൽ, പൊതുമരാമത്ത് വകുപ്പിെൻറ നിരക്ക് 3686 രൂപയാണ്. ഇൗ നിരക്കാണ് അദാനി ഗ്യാസിന് അനുവദിച്ചത്. പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ ഇൗ തുക തികയില്ലെന്നിരിക്കെ കോർപറേഷനുണ്ടാകുന്ന കോടികളുടെ നഷ്ടം ചൂണ്ടിക്കാട്ടി അധികൃതർ സർക്കാറിന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. അദാനി ഗ്യാസിന് നിരക്കിളവ് അനുവദിച്ചതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ പൊതുജനങ്ങൾക്ക് ഗുണം ചെയ്യുന്ന പദ്ധതിയായതിനാലാണ് തീരുമാനമെന്നായിരുന്നു സർക്കാർ വാദം.
ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിന് എറണാകുളം ജില്ലയിലെ 241.5 കിലോമീറ്റർ ഉൾപ്പെടെ സംസ്ഥാനത്തെ റോഡ് വെട്ടിപ്പൊളിക്കാൻ നിരക്കിളവ് ആവശ്യപ്പെട്ടാണ് റിലയൻസ് ജിയോ ഇൻഫോകോം കമ്പനി ഇതിന് പിന്നാലെ സർക്കാറിനെ സമീപിച്ചത്. തുടർന്ന്, പൊതുമരാമത്ത് വകുപ്പിേൻറതിന് തുല്യമായ തുകയേ റിലയൻസിൽനിന്ന് ഇൗടാക്കാവൂ എന്ന് നിർദേശിച്ച് തദ്ദേശഭരണ വകുപ്പ് ജൂലൈ 17ന് ഉത്തരവിറക്കി. ഇൗ ഉത്തരവ് നിലനിൽക്കെയാണ് ആഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ബന്ധപ്പെട്ടവരുടെ യോഗം നിരക്കിളവ് സിറ്റി ഗ്യാസ് പദ്ധതിക്ക് മാത്രമാണെന്നും മറ്റ് ടെലിഫോൺ കമ്പനികൾക്കോ സേവനദാതാക്കൾക്കോ ബാധകമല്ലെന്നും തീരുമാനിച്ചത് എന്നതാണ് വിരോധാഭാസം.
റോഡിലൂടെ കുടിവെള്ള ൈപപ്പിടാൻ സാധാരണക്കാർക്ക് നിരക്കിളവ് നൽകാത്ത സർക്കാർ വൻകിട കോർപറേറ്റുകളുടെ കച്ചവടാവശ്യങ്ങൾക്ക് കോടികളുടെ ആനുകൂല്യം നൽകുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതിെൻറ ചുവടുപിടിച്ച് മറ്റു സ്വകാര്യ ടെലികോം കമ്പനികളും നിരക്കിളവ് ആവശ്യപ്പെട്ടാൽ നൽകാൻ സർക്കാർ നിർബന്ധിതമാകുമെന്ന് ഹൈബി ഇൗഡൻ എം.എൽ.എ ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പിെൻറ നിരക്ക് അംഗീകരിച്ചാൽ തറവാടക, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ കോർപറേഷന് ഇൗടാക്കാനാവില്ലെന്നും ഇത് ഭീമമായ നഷ്ടം ഉണ്ടാക്കുമെന്നും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസ് പറഞ്ഞു.