തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡിനുവേണ്ടി അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും ഉള്‍പ്പെടെ റേഷന്‍ കാര്‍ഡ് സംബന്ധമായ കാര്യങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നാലുവര്‍ഷങ്ങള്‍ക്കു ശേഷമാണ് റേഷന്‍കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ സ്വീകരിക്കുന്നത്. അതുകാരണം ഉണ്ടാകാന്‍ സാധ്യതയുള്ള തിരക്കുകള്‍ ഒഴിവാക്കുന്നതിനായാണ് സിവില്‍ സപ്ലൈസ് ഡയറക്ടറില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ഇറക്കിയിരിക്കുന്നത്.
പുതിയ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിനും, റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്ക് മാറ്റുന്നതിനും, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിനും, പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കുന്നതും, മറ്റ് തിരുത്തലുകള്‍ വരുത്തുന്നതിനും, റേഷന്‍കാര്‍ഡ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഈമാസം 25 മുതല്‍ അപേക്ഷിക്കാം.
അപേക്ഷാ ഫോറങ്ങള്‍ www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടാതെ ആവശ്യമുള്ളവര്‍ക്ക് അപേക്ഷാ ഫോറങ്ങളുടെ മാതൃക എല്ലാ റേഷന്‍ ഡിപ്പോകളിലും, പഞ്ചായത്ത് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രദര്‍ശിപ്പിക്കും. താലൂക്ക് സപ്ലൈ ഓഫീസുകളിലും റേഷനിംഗ് ഓഫീസുകളിലും വരുന്ന അപേക്ഷകര്‍ക്ക് ഫോറങ്ങള്‍ സൗജന്യമായി നല്‍കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ഓരോ താലൂക്കിലും ഫ്രണ്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ്അത് കൃത്യമായി പരിശോധിക്കേണ്ടതും ആവശ്യമായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും ആയത് ക്രമത്തില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷകന്‍ കൈപ്പറ്റ് രസീത് നല്‍കേണ്ടതുമാണ്.
ഓരോതരം അപേക്ഷയ്ക്കും പ്രത്യേകം രജിസ്റ്ററുകള്‍ ഉപയോഗിക്കേണ്ടതാണ്. രജിസ്റ്ററില്‍ അപേക്ഷയുടെ നമ്പര്‍ രേഖപ്പെടുത്തുന്നതോടൊപ്പം മൊബൈല്‍ നമ്പര്‍ കൂടി രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷ പുതിയ ആര്‍.സി.എം.എസ് പ്രോസസ് ചെയ്യുമ്പോള്‍ അപേക്ഷകര്‍ക്ക് മൊബൈല്‍ സന്ദേശം നല്‍കുന്നതിന് ഇത് സഹായകരമായിരിക്കും.
പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയോടൊപ്പം കാര്‍ഡുടമയുടെ രണ്ട് പാസ്‌പോര്ട്ട് സൈസ് ഫോട്ടോ കൂടി വേണം. ഒരു ഫോട്ടോ അപേക്ഷയിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തേണ്ടതും മറ്റൊന്ന് അപേക്ഷയോടൊപ്പം നല്‍കേണ്ടതുമാണ്. പരിശോധനാ ഉദ്യോഗസ്ഥര്‍ ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഫോട്ടോയുടെ സത്യസന്ധത ഉറപ്പുവരുത്തണം.
അപേക്ഷകരുടെ തിരക്ക് ഒഴിവാക്കുന്നതിനുവേണ്ടി അപേക്ഷ സ്വീകരിക്കുന്നതിന്റെ സൗകര്യാര്‍ത്ഥം പഞ്ചായത്ത് പ്രകാരമോ റേഷന്‍ ഡിപ്പോ നമ്പര്‍ നിജപ്പെടുത്തിയോ ജില്ല സപ്ലൈ ഓഫീസറുമായി ബന്ധപ്പെട്ട് അനുയോജ്യമായ രീതികള്‍ അവലംബിക്കാവുന്നതാണ്. അപേക്ഷ വാങ്ഹുന്ന തീയതി മുന്‍കൂറായി മാധ്യമങ്ങളിലൂടെയും എ.ആര്‍.ഡിയില്‍ നോട്ടീസ് പതിപ്പിച്ചും പൊതുജനങ്ങളെ അറിയിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം.
രാവിലെ പത്തുമുതല്‍ കൗണ്ടറില്‍ അപേക്ഷ സ്വീകരിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ക്രമപ്പെടുത്തണം. അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ റേഷന്‍ കാര്‍ഡുകള്‍ സ്വീകരിക്കേണ്ടതില്ല. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയിപ്പ് നല്‍കുമ്പോള്‍ റേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കിയാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.