തിരുവനന്തപുരം: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയിന്‍മേല്‍ സി.ബി.ഐ അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് 50 ദിവസം കഴിഞ്ഞിട്ടും സി.ബി.ഐ അപ്പീല്‍ നല്‍കാതിരിക്കുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍.

2017 ആഗസ്റ്റ് 23 നാണ് ഹൈക്കോടതി വിധി ഉണ്ടായതും അപ്പീല്‍ പോകുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചതും. ലാവലിന്‍ കേസിലെ നാലാം പ്രതി കസ്തൂരിരംഗ അയ്യര്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടും സി.ബി.ഐ ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന് പിന്നിലെ സി.പി.എം-ബി.ജെ.പി ഒത്തുകളി മറനീക്കി പുറത്തു വന്നിരിക്കുകയാണ്.

ഇരുപാര്‍ട്ടികളും ചേര്‍ന്നുണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമായി ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതിക്കെതിരെ വിജിലന്‍സ് ചാര്‍ജ് ചെയ്ത കേസ് മുഖ്യമന്ത്രി പിന്‍വലിച്ചതും മുഖ്യമന്ത്രി പ്രതിയായുള്ള ലാവലിന്‍ കേസില്‍ സി.ബി.ഐ അപ്പീല്‍ നല്‍കാന്‍ വൈകുന്നതും ബി.ജെ.പിസി.പി.എം അവിശുദ്ധ ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.