ന്യൂഡല്‍ഹി:എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ. സുപ്രീം കോടതിയില്‍.പിണറായി വിജയന്‍ അറിയാതെ കരാറില്‍ മാറ്റം വരില്ലെന്നും കരാറിലൂടെ കെ.എസ്.ഇ.ബിക്ക് നഷ്ടവും ലാവ്ലിന്‍ കമ്പനിക്ക് ലാഭവുമാണുണ്ടായതെന്നും സുപ്രീകോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ സി.ബി.ഐ വ്യക്തമാക്കി.
വൈദ്യുതി ബോര്‍ഡിന്റെ മുന്‍ ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍,ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍,മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.ഇവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് സി.ബി.ഐ പുതിയ സത്യവാങ്മൂലം നല്‍കിയത്.
കരാര്‍ ലാവ്ലിന്‍ കമ്പനിക്ക് നല്‍കിയതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.1996-ല്‍ ജി.കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് ലാവ്‌ലിന്‍ കമ്പനിയുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പു വച്ചത്.എന്നാല്‍ അന്തിമ കരാര്‍ ഒപ്പിട്ടത് നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആയത് പിണറായി വിജയന്‍ ലാവ്‌ലിന്‍ കമ്പനിയുടെ അതിഥിയായി കാനഡയിലുള്ളപ്പോഴായിരുന്നു.പിണറായിയെയും മറ്റ് രണ്ട് പേരെയും വിചാരണയില്‍ നിന്ന് ഒഴിവാക്കി ഉത്തരവിടുമ്പോള്‍ ഹൈക്കോടതി ഈ വസ്തുതകള്‍ പരിഗണിച്ചില്ല.തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം പിണറായി കാനഡയില്‍ ഉള്ളപ്പോഴാണ് ഉണ്ടായത്. പൊതുപ്രവര്‍ത്തകര്‍ മനപ്പൂര്‍വം വരുത്തിയ വീഴ്ച്ചകള്‍ മൂലമാണ് ലാവ്ലിന് വന്‍ നേട്ടമുണ്ടായതെന്നും സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചു.
വൈദ്യുതവകുപ്പ് മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍,എ ഫ്രാന്‍സിസ് എന്നിവര്‍ അറിയാതെ കരാറില്‍ മാറ്റമുണ്ടാകില്ലെന്നും സിബിഐ പറയുന്നു.ളസംസ്ഥാനത്തിനുണ്ടായ വലിയ നഷ്ടത്തില്‍ നിന്ന് പിണറായി വിജയന് ഒഴിവാകാനാവില്ലെന്നും അതിനാല്‍ തന്നെ പിണറായി വിചാരണ നേരിടണമെന്നുമാണ് സിബിഐ വാദം.